ഉത്തര മലബാറിന്റെ അനുഗൃഹീത സംഗീതജ്ഞൻ

മഹാകവി.പി. കുഞ്ഞിരാമൻ നായരുടെ കാവ്യസ്മൃതികളിൽ കണ്ണീരണിഞ്ഞ കുഗ്രാമ  ലക്ഷ്മിയേെപ്പോലെ വർഷമഴയിൽ നനഞ്ഞു കുതിർന്ന വെള്ളിക്കോത്ത് യു.പി.സ്കൂൾ സമുച്ചയം.

വീട്ടിൽ  നിന്നും ഈ സ്കൂളിലേക്ക് കൂട്ടുകാർക്കൊപ്പം ഊടുവഴികളിലൂടെ പുസ്തകസഞ്ചിയുമായി ഓടിയണഞ്ഞ ബാല്യമായിരുന്നു കാഞ്ഞങ്ങാടിന്റെ പ്രിയ സംഗീതജ്ഞനായ ടി.പി.ശ്രീനിവാസന്റേത്.

പിന്നിട് അദ്ദേഹം പഠിച്ചത്  മഹാരഥന്മാർക്കു മാർഗ്ഗദർശനമേകിയ കാഞ്ഞങ്ങാട് ദുർഗ്ഗ ഹൈസ്കൂളും! സംഗീതത്തെ നെഞ്ചിലേറ്റിയ അമ്മ ടി.പി.ഓമനയുടെയും സോപാന സംഗീതോപാസകനായ അച്ഛൻ കെ.കുഞ്ഞിരാമവാര്യരുടെയും സ്നേഹത്തിന്റെ സമ്പൂർണ്ണ രാഗങ്ങളിൽ ജന്യമായ് തീർന്ന ധന്യമായ സംഗീത ജീവിതമായിരുന്നു ഈ അനുഗൃഹീത കലാകാരന്റേത്.

കൊടവലം ജന്മി കുടുംബത്തിൽ ജാതരായ  ഈ ദമ്പതികളുടെ ഒൻപതു മക്കളിൽ മൂന്നുപേരും സംഗീത വിദ്വാന്മാർ തന്നെ!

ഭൂപരിഷ്കരണ നിയമം വന്നതോടെ വസ്തുവകകളിൽ ഏറെയും നഷ്ടപ്പെട്ട കുഞ്ഞിരാമവാര്യർ ദുരിതങ്ങളുടെ അപശ്രുതിയിൽ ജീവിത താളം നഷ്ടപ്പെട്ട പോലെയായി.

സംഗീതത്തിൽ പഠനകാലത്തു തന്നെ അതീവ താല്പര്യം പുലർത്തിയ ടി.പി.യുടെ സ്വരസാന്നിധ്യം തിരിച്ചറിഞ്ഞ സ്വരസാധകനായ അച്ഛൻ കൗമാരക്കാരനായ ശ്രീനിവാസനെ സംഗീത കലാനിധി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ ഗുരു.പി.കെ.ശങ്കരവർമ്മയുടെ പഴശ്ശിയിലുള്ള ഗുരുകുലത്തിലേക്കയച്ചു.ആറേഴ് വർഷത്തെ ഗുരുകുല സമ്പ്രദായത്തിലുള്ള സംഗീത പഠനമായിരുന്നു ടി.പി.ശ്രീനിവാസൻ എന്ന സംഗീത പ്രതിഭയെ രൂപപ്പെടുത്തിയത്.

തുടർന്ന് സംഗീത ഉപരിപഠനത്തിന്റെ ആരോഹണങ്ങളിലേക്ക്. തൃ പ്പൂണിത്തുറ ആർഎൽവി കോളേജിൽ ഗാന ഭൂഷണവും ഗാനപ്രവീണും ഉയർന്ന റാങ്കോടെ പാസായി.

സംഗീത കോളേജിലെ പ0നത്തിന്റെ രണ്ടാം വർഷം തന്റെ ജീവരാഗങ്ങളിൽ  ശ്രുതി ചേർത്ത അച്ഛന്റെ വിയോഗം. പഠനത്തോടൊപ്പം കൂട്ടികളെ സംഗീതം പഠിപ്പിച്ചിട്ടായിരുന്നു കോളേജിൽ  അദ്ദേഹം  ഫീസടച്ചിരുന്നത്. 

സംഗീത പഠന പർവ്വത്തിന്റെ രാഗ വിസ്താരത്തിനു ശേഷം കാസർകോട് ജില്ലയിലെ പള്ളിക്കര ഹൈസ്കൂളിൽ സംഗീതാദ്ധ്യാപകനായി സർക്കാർ ജോലിയിൽ പ്രവേശിച്ചു.

പിന്നീട് കാസർകോടെ അന്ധവിദ്യാലയത്തിൽ അന്ധവിദ്യാർത്ഥികളുടെ ഹൃദയതന്ത്രികളിൽ രാഗസുധാരസത്തിന്റെ പ്രകാശം ചൊരിഞ്ഞു.

2015ൽ അന്ധവിദ്യാലയത്തിൽ നിന്ന് വിരമിച്ചപ്പോൾ കണ്ണിൽ കാഴ്ചയുടെ വെളിച്ചമില്ലെങ്കിലും അകക്കണ്ണിന്റെ സ്നേഹപ്രകാശത്തിൽ ആ വിദ്യാർത്ഥികൾ നൽകിയ യാത്രാമൊഴി വികാരനിർഭരമായിരുന്നുആകാശവാണി കോഴിക്കോട് നിലയത്തിൽ എ ഗ്രേഡ് ആർട്ടിസ്റ്റായ മാസ്റ്ററുടെ ശിഷ്യഗണങ്ങൾ ഓരോ രണ്ടാം ശനിയാഴ്ചയും കാഞ്ഞങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി കച്ചേരി നടത്താറുണ്ട്.

ശിഷ്യരുടെ മോഹനഗുരുസന്നിധി വാട്സ് അപ്പ് ഗ്രൂപ്പിൽ വിദേശത്തു നിന്നുള്ള ശിഷ്യന്മാരാണ് ഏറെയും… ആകാശവാണിയുടെ നിർദ്ദേശപ്രകാരം മഹാകവി കുട്ടമത്തിന്റെയും  വിദ്വാൻ പി.കെ. കേളുനായരുടെയും  കീർത്തനങ്ങൾക്ക് സംഗീതം നൽകി ശ്രദ്ധേയനായി…

കേരളത്തിലും വിദേശത്തും നൂറുകണക്കിന് വേദികളിൽ സംഗീതകച്ചേരിയവതരിപ്പിച്ച്  ദീക്ഷിതരുടേയും സ്വാതി തിരുനാളിന്റെയും കീർത്തനങ്ങളിലൂടെ ശുദ്ധസംഗീതത്തിന്റെ  മോഹനങ്ങളും ഹംസധ്വനികളും ഉയർത്തിയ കാഞ്ഞങ്ങാടിന്റെ ഈ അനുഗൃഹീത ഗായകന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2010 ൽ തൃപ്പൂണിത്തുറ പൂർണത്ര യേശ ഫൗണ്ടേഷന്റെ സംഗീത പൂർണ ശ്രീ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു..

2016ൽ മട്ടന്നൂർ പഴശ്ശി അനുസ്മരണ വേദിയുടെ ,പഴശ്ശി ശങ്കരവർമ്മ രാജ സംഗീത പുരസ്കാരം, 2018ൽ യു.എ.ഇ.ഗേയം സംഗീത കൂട്ടായ്മയുടെ ഗാന മൂർത്തി അവാർഡ് .. 2019 ൽ കണ്ണൂർ ദർബാർ സംഗീത സഭയുടെ ദർബാർ പുരസ്കാരവും ടി.പി.യെ തേടിയെത്തി.

2020ൽ വീണാവാദിനി പുരസ്കാരവും ടി.പി.ക്ക് ലഭിച്ചു.. ആകാശവാണി മ്യൂസിക് ഓഡിഷൻ ബോർഡ്‌ മെമ്പർ കൂടിയാണ് ശ്രീനി മാസ്റ്റർ.

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ പരപ്പ ഉണ്ണിക്കൃഷ്ണൻ ജേഷ്ഠ സഹോദരനാണ്.  കാഞ്ഞങ്ങാടിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ ടി.പി.സോമശേഖരനും സഹോദരനാണ്…

മലയാളക്കരയുടെ സംഗീത നഭസ്സിൽ തന്റെ വൈവിധ്യമാർന്ന സംഗീത സദസുകളിലൂടെ അട താള വർണ്ണങ്ങളുടെയും അഷ്ട പദിയുടെയും തില്ലാനയുടെയും  തനിയാവർത്തനങ്ങളുടെയും സംഗീത മഴ പൊഴിച്ച  ഈ ഗന്ധർവ്വ ഗായകൻ തന്റെ സംഗീത യാത്ര തുടരുകയാണ്. ഭാര്യ ആശ .. മക്കൾ നന്ദകിശോർ… സംഗീത പഠനം കഴിഞ്ഞ് വായ്പാട്ടു വിദഗ്ദനായി അരങ്ങേറ്റം കഴിഞ്ഞു … നവനീത് കിഷോർ പ്രസിദ്ധനായ വയലിനിസ്റ്റാണ്…

LatestDaily

Read Previous

ക്വാറന്റൈൻ യുവാവിനെ സന്ദർശിച്ചതിനെച്ചൊല്ലി തമ്മിലടി

Read Next

ലൈംഗീക പീഡനവും ഗർഭഛിദ്രവും : 7 പേർക്കെതിരെ കേസ്