നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു: ബംഗളൂരുവിലെ രാമനഗര സെഷൻസ് കോടതി ലൈംഗിക പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 2010 മാർച്ച് 2 നാണ് തെന്നിന്ത്യൻ നടി രഞ്ജിതയുമായുള്ള നിത്യാനന്ദയുടെ വിവാദ സെക്സ് ടേപ്പ് മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടത്. കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

കേസിൽ നേരത്തെ അറസ്റ്റിലായ നിത്യാനന്ദ കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി നേപ്പാൾ വഴി ഇക്വഡോറിലേക്ക് കടന്നിരുന്നു. 2018 മുതൽ വിചാരണയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ 2020 ൽ കോടതി ജാമ്യം റദ്ദാക്കി. അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ യുവതിയെ ബിഡദി ആശ്രമത്തിൽ അഞ്ച് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസിലെ സിഐഡി വിഭാഗവും നിത്യാനന്ദയെ അന്വേഷിക്കുന്നുണ്ട്.

ഗുജറാത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിത്യാനന്ദയ്ക്കെതിരെ ഇന്‍റർപോൾ നേരത്തെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇയാൾ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. അജ്ഞാതമായ സ്ഥലത്ത് കൈലാസം എന്ന പേരിൽ ഒരു രാജ്യം സൃഷ്ടിക്കുകയും സ്വന്തം പാസ്പോർട്ടും കറൻസിയും ഉണ്ടാക്കുകയും ചെയ്ത സ്വാമിയുടെ ഒളിത്താവളം കണ്ടെത്താൻ ഇന്‍റർപോളിന്‍റെ സഹായത്തോടെ നടത്തിയ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

Read Previous

ഫിലിപ്പോ ഒസെല്ലയെ മടക്കിയയച്ചത് എന്തിന്? കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

Read Next

ബിഹാറിലെ ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് 8 മാസം!