ഭീകരത തുടരുന്ന പാക്കിസ്ഥാനോട് ചർച്ചയില്ല; കശ്മീരിൽ തിരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

ശ്രീനഗർ: പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക, അല്ലാതെ പാകിസ്താനോടല്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മീരിൽ ഭീകരതയെയും വിഘടനവാദത്തെയുമാണ് പിന്തുണച്ചിരുന്നത്. എന്നാൽ ബിജെപി തൊഴിൽ സൃഷ്ടിക്കാനുള്ള നിക്ഷേപമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പാക്കിസ്ഥാനോട് സംസാരിക്കാൻ അവരെന്നോട് ആവശ്യപ്പെടുന്നു. എന്നാൽ ഞാൻ സംസാരിക്കില്ല. കശ്മീരിലെ യുവാക്കളോടാണ് ഞാൻ സംസാരിക്കുക. ഗുജ്ജർ, ബകർവാൾ, പഹാരി ജനങ്ങളോട്. കശ്മീരിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ അതിന്റെ വേദന എനിക്കുണ്ടാകും. സ്വന്തം മകന്റെ ശവപ്പെട്ടി തോളിൽ വഹിക്കുക എന്നതാണ് ഒരാളുടെ ഏറ്റവും വലിയ സങ്കടം. കശ്മീരിൽ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ മക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ?. ഗുപ്കർ മോഡൽ മുന്നോട്ടുവയ്ക്കുന്ന ഭീകരതയും വിഘടനവാദവും കേന്ദ്ര സർക്കാർ അംഗീകരിച്ചുതരില്ല. പുൽവാമ സംഭവത്തിനു കാരണം ഗുപ്കർ മോഡൽ ആണ്. എന്നാൽ മോദി ആശുപത്രി പണിതു. ഗുപ്കറിന്റെ സമയത്ത് ബന്ദുകളും സമരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മോദിയുടെ മോഡലിൽ ഐഐടികളും ഐഐഎമ്മുകളും എയിംസും ഉണ്ടായി. ഭീകരതയിലേക്കു പോയ യുവാക്കൾ തിരിച്ചു മുഖ്യധാരയിലെത്തി. തീവ്രവാദം കശ്മീരിന് ഗുണകരമാകില്ല. വ്യവസായങ്ങളാണ് കശ്മീരിനെ വികസനത്തിലേക്കു നയിക്കുക.” അമിത് ഷാ പറഞ്ഞു.

K editor

Read Previous

കാലുകള്‍ കെട്ടിയിട്ട് നായയെ തല്ലിച്ചതച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Read Next

ഇത് കാണേണ്ട സിനിമ: ‘ഈശോ’യെ പ്രശംസിച്ച് പി സി ജോര്‍ജ്