വസ്ത്രക്കടകളിൽ കാലു കുത്താനിടമില്ല

കാഞ്ഞങ്ങാട്: ഇന്നലെ പല വസ്ത്രാലയങ്ങളിലും കൊറോണയ്ക്ക് കാൽ കുത്താൻ ഇടമില്ലായിരുന്നു. പെരുന്നാളിന് ഒരാഴ്ചയിൽ കൂടുതൽ  ദിവസങ്ങളുണ്ടെങ്കിലും ഇന്നലെ വസ്ത്ര കടകളിൽ സ്ത്രീകളുടെ വലിയ തിരക്കാണനുഭവപ്പെട്ടത്. കുട്ടികളുമായി സ്ത്രീകൾ പെരുന്നാൾ വസ്ത്രമെടുക്കാൻ തുണിക്കടയിൽ കൂട്ടത്തോടെയെത്തിയതോടെ പലകടകളിലും സൂചി കുത്താൻ ഇടമില്ലാത്ത വിധം തിരക്കായിരുന്നു.

കൊറോണയ്ക്ക് പോലും നിന്ന് തിരിയാൻ ഇടം കിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിലുയർന്ന വിമർശനം. കാഞ്ഞങ്ങാട്ടെ രണ്ട് വസ്ത്രക്കടകളിൽ സ്ത്രീകൾ നിറഞ്ഞതോടെ കടയുടമ ഷട്ടർ താഴ്ത്തി കൂടുതൽ സ്ത്രീകൾ അകത്തു കയറുന്നത് വിലക്കി. എന്നിട്ടും, പല സ്ത്രീകളും തിരിച്ചു പോകാതെ കടയ്ക്ക് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നത് കാണാമായിരുന്നു.

മറ്റൊരു വസ്ത്രക്കടയിൽ സ്ത്രീകൾ നിറഞ്ഞതോടെ പോലീസിടപെട്ടുവെങ്കിലും, ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മുതൽ കാഞ്ഞങ്ങാട് നഗരത്തിൽ സ്ത്രീകളുടെ വലിയ തിരക്കായിരുന്നു. സ്ത്രീകളിൽ പലരും ചെറിയ കുട്ടികളുമായാണ് പെരുന്നാൾ വസ്ത്രമെടുക്കാനെത്തിയത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പും, പോലീസും കർശന നിയന്ത്രണം നടപ്പാക്കുന്നതിനിടയിലാണ് കോവിഡിനെ പോലും വെല്ലുവിളിച്ച് സ്ത്രീകൾ വസ്ത്രാലയങ്ങളിലും, നഗരത്തിലും കൂട്ടം കൂടിയത്.

ഇന്ന് മുതൽ സർക്കാറിന്റെ കർശന നിയന്ത്രണമുണ്ടാകുന്നത്  മൂലമാണ് സ്ത്രീകൾ വസ്്ത്രം വാങ്ങാൻ ഇന്നലെ തന്നെ കൂട്ടമായെത്തിയത്. കുട്ടികളുമായെത്തിയ സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ആശുപത്രിയിൽ പോയതാ സാറെ….എന്ന മറുപടിയാണ് സ്ത്രീകൾ നൽകിയത്. ഇതോടെ പോലീസിനും ഒന്നും ചെയ്യാനാകാതെ വന്നു. കോവിഡ് വ്യാപകമായതിനെതുടർന്ന് പള്ളികളിൽ റംസാൻ പ്രാർത്ഥനയ്ക്ക് കൃത്യമായി പോകാൻ കഴിയാത്ത  വിഷമത്തോടെ സർക്കാരിന്റെ നിർദ്ദേശം പാലിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്കിടയിലൂടെയാണ് സ്ത്രീകൾ പെരുന്നാൾവസ്ത്രം വാങ്ങാൻ നഗരങ്ങളിലേക്ക് ഒഴുകിയെത്തിയത്.

എന്നാൽ, പുരുഷൻമാർക്ക് പ്രത്യേകമായുള്ള വസ്ത്രക്കടകളിൽ ദിവസങ്ങളായി തീരെ വ്യാപാരമില്ലെന്ന് ഈ വിഭാഗത്തിൽപ്പെട്ട വ്യാപാരികൾ പറഞ്ഞു. ഉപ്പളയിലെ ഒരു വസ്ത്രാലയത്തിനകത്ത് ഇന്നലെയുണ്ടായ അഭൂതപൂർവ്വമായ സ്ത്രീകളുടെ തിരക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോവിഡ് വ്യാപനത്തിനിടെ എല്ലാ വിലക്കുകളും ലംഘിച്ചു കൊണ്ടുള്ള പെരുന്നാൾ ഷോപ്പിംഗിനെതിരെ സോഷ്യൽ മീഡിയയിൽ വിശ്വാസികൾ കടുത്ത ഭാഷയിൽ വിമർശനമുയർത്തിയിട്ടുണ്ട്. 

LatestDaily

Read Previous

അഞ്ജലി ചെന്നൈയിലുമില്ല

Read Next

മകന് പിന്നാലെ കോവിഡ് ബാധിച്ച് പിതാവും മരിച്ചു