ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരൂരങ്ങാടി: എ.ആർ നഗറിലെ വി.കെ.പടിയിൽ ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചതിനെ തുടർന്ന് നിരവധി പക്ഷികൾ ചത്ത സംഭവത്തിൽ നാല് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രജക്, മരംമുറിച്ച തമിഴ്നാട് സേലം സ്വദേശിയായ മഹാലിംഗം (32), സൂപ്പർവൈസർ കോയമ്പത്തൂർ ലക്ഷ്മി അമ്മാൾ ഇല്ലത്തിൽ എൻ മുത്തുകുമാരൻ (39) എന്നിവരാണ് അറസ്റ്റിലായത്. റോഡ് വർക്കിലെ എഞ്ചിനീയർ തെലങ്കാനയിലെ വാറങ്കലിലെ പട്ടൈപക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഇയാൾ ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് (എൻഎച്ച്എഐ) റിപ്പോർട്ട് തേടിയിരുന്നു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും പക്ഷികളുടെ ആവാസ വ്യവസ്ഥ തകർത്ത് ഇനി മരങ്ങൾ മുറിക്കില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പക്ഷികൾ കൂട് വിടുന്നതുവരെ റോഡ് വികസനത്തിനായി മരങ്ങൾ മുറിക്കുന്നത് തടയുമെന്നും മന്ത്രി പറഞ്ഞു. യന്ത്രം ഉപയോഗിച്ച് അടിഭാഗം മുറിച്ച മരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തള്ളിമറിച്ചിടുകയായിരുന്നു.
ചത്തതിൽ ഭൂരിഭാഗവും മരത്തിൽ കൂടുകൂട്ടുന്ന നീർകാക്കകളാണ്. മുട്ടയിട്ട് അടയിരുന്ന പക്ഷികളും കുഞ്ഞുങ്ങളും ചത്തു. പ്രഥമ ശുശ്രൂഷയും വെള്ളവും ഭക്ഷണവും നൽകിയ ശേഷം നാട്ടുകാർ 10 പക്ഷി കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറി. സംഭവം വിവാദമായതോടെ സാമൂഹിക വകുപ്പും വനംവകുപ്പിന്‍റെ വിജിലൻസ് വിഭാഗവും വ്യാഴാഴ്ച രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.