നെഹ്റു കുടുംബത്തിന് മുകളിൽ ഒരു നേതാവും തീരുമാനമെടുക്കേണ്ടതില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

കൊച്ചി: വോട്ടർപട്ടിക പുറത്തുവിടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ അത്തരം ആശങ്കകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിതമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങളായിരിക്കാം വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന ആവശ്യത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്ന തിരഞ്ഞെടുപ്പ് അതോറിറ്റി ഒരു സ്വതന്ത്രബോഡിയാണ്. എം.പിമാർ വോട്ടർപട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് കൊടുക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുമെങ്കില്‍ അത് കൊടുക്കുമല്ലോ. എം.പിമാർ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പരിശോധിക്കണം. ന്യായമാണെങ്കില്‍, അവർക്ക് ഉന്നയിക്കാം. അവർക്ക് കെ.പി.സി.സിയെ സമീപിക്കാം’ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

‘കെപിസിസി ഹൈക്കമാൻഡിനൊപ്പമാണ്. നെഹ്റു-ഗാന്ധി കുടുംബത്തോടൊപ്പമാണ്. അതിനപ്പുറം കേരളത്തിലെ ഒരു നേതാവും തീരുമാനമെടുക്കേണ്ട കാര്യമില്ല. കാലങ്ങളായി ഗാന്ധി കുടുംബമാണ് പാർട്ടിയെ നയിക്കുന്നത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ല’, കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

K editor

Read Previous

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തുടക്കമായി

Read Next

കുവൈറ്റിൽ 20 ശതമാനം കുട്ടികളിലും പ്രമേഹ രോഗ സാധ്യതയെന്ന് പഠനം