മഹാരാഷ്ട്ര എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ ഉടനടി തീരുമാനമെടുക്കരുതെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർക്ക് സുപ്രീം കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് നിർദേശം നൽകിയത്. എതിർ വിഭാഗങ്ങളിൽപ്പെട്ടവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയിലെ ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ, സ്പീക്കറുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹർജികൾ ഇന്ന് ലിസ്റ്റ് ചെയ്തിട്ടില്ല. ശിവസേനയുടെ അഭിഭാഷകൻ കപിൽ സിബലാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഹർജി ലിസ്റ്റ് ചെയ്യാൻ കുറച്ച് സമയം കൂടി വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതേതുടർന്നാണ് അയോഗ്യത സംബന്ധിച്ച് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി നിർദേശം നൽകിയത്.

Read Previous

ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണിത്; ബാലചന്ദ്രകുമാര്‍

Read Next

അബു സലേമിന്റെ ശിക്ഷ: പോര്‍ച്ചുഗലിന് നല്‍കിയ ഉറപ്പ് സര്‍ക്കാർ പാലിക്കണമെന്ന് സുപ്രീംകോടതി