നിപ്പ രാജകുമാരി, കോവിഡ് റാണി ആരോഗ്യ മന്ത്രിക്കെതിരെ വിവാദപ്രസ്താവന, മുല്ലപ്പള്ളിയോട് വിവരമാരായും

ദില്ലി: ആരോഗ്യ മന്ത്രി കെകെ ഷൈലജയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം പിന്നീടെന്ന് കെസി വേണുഗോപാൽ.

പിസിസി പ്രസിഡന്‍റ് എന്താണ് പറഞ്ഞതെന്ന് നേരിട്ട് ചോദിക്കാതെ പ്രതികരണത്തിനില്ല.

മുല്ലപ്പള്ളിയോട് വിവരങ്ങൾ ആരാഞ്ഞ ശേഷം പ്രതികരിക്കാമെന്നും, കെ സി വേണുഗോപാൽ വ്യക്തമാക്കി.

ഇന്നലെയാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ‘നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കോവിഡ് റാണി’ എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസ്സിലും രണ്ടഭിപ്രായമുണ്ട്. പ്രവാസി പ്രശ്നത്തിൽ  കടുത്ത പ്രതിരോധത്തിലായ സർക്കാറിന് പ്രതിപക്ഷത്തെ അടിക്കാൻ അനാവശ്യമായി വടി നൽകിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം.

നേരത്തെ  ആരോഗ്യമന്ത്രിക്കെതിരായ ചെന്നിത്തലയുടെ മീഡിയാ മാനിയ പരാമർശം തിരിച്ചടിയുണ്ടാക്കിയെന്നും,  പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു.

LatestDaily

Read Previous

രോഗിയുമായി കാഞ്ഞങ്ങാട് നിന്നും പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു

Read Next

സി.പി.ഐ. നേതാവ് സി.കെ.കുഞ്ഞിരാമൻ അന്തരിച്ചു