നിഷ്മയുടെ മരണത്തിൽ ഡോക്ടറെ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയക്കിടെ കാഞ്ഞങ്ങാട്ടെ കുന്നുമ്മൽ സ്വകാര്യാശുപത്രിയിൽ ബേക്കൽ തൃക്കണ്ണാട് പുതൃക്കോടി യുവതി  നിഷ്മ 21, മരണപ്പെട്ട കേസ്സിൽ യുവതിയുടെ പ്രസവ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ  ലക്ഷ്മി പൈയിൽ നിന്നും പോലീസ് മൊഴിയെടുത്തു.

നിഷ്മ പ്രസവത്തിനിടെ മരിക്കാനിടയായത് ശസ്ത്രക്രിയ വൈകിയതുമൂലമാണെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് എസ്.ഐ, കെ. അജിതയുടെ നേതൃത്വത്തിൽ ഡോക്ടറെ ചോദ്യം ചെയ്തത്. കൂടുതൽ ഡോക്ടർമാരെയും ആശുപത്രി അധികൃതരിൽ നിന്നും ഇന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും.

പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശസ്ത്രക്രിയയ്ക്കിടെ ആംനിയോട്ടിക് ഫ്ലൂയിഡ് എംബോളിസമുണ്ടായാണ് നിഷ്മ മരിച്ചതെന്നാണ് ഡോക്ടർ പോലീസിന് നൽകിയ മൊഴി. പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പോലീസ് തുടർനടപടിയുണ്ടാവും. അന്തിമമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ കാലതാമസമുണ്ടാകും. ബുധനാഴ്ച വൈകീട്ടാണ് ആൺകുഞ്ഞിന് ജൻമം നൽകിയ നിഷ്മ ആശുപത്രിയിൽ മരണപ്പെട്ടത്.

LatestDaily

Read Previous

ഭർതൃമതി വീടുവിട്ടത് ടിക്ടോക്കിൽ പരിചയപ്പെട്ട ഓട്ടോ ഡ്രൈവർക്കൊപ്പം

Read Next

മനുവിന്റെ ഉടുപ്പിൽ കണ്ടെത്തിയ രോമം പരിശോധയ്ക്കയച്ചു