ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: മൂന്ന് നാൾ മുമ്പ് നീലേശ്വരത്ത് ചുമതലയേറ്റ പോലീസ് ഇൻസ്പെക്ടറെ മൂന്നംഗ സംഘം നടുനിരത്തിൽ കൈയ്യേറ്റം ചെയ്തു.
മദ്യലഹരിയിലായിരുന്ന അക്രമികളെ കൂടുതൽ പോലീസ് സംഘമെത്തി വളഞ്ഞു പിടികൂടി സ്റ്റേഷനിലെത്തിച്ചു.
ഇന്നലെ രാത്രി 7-30 മണിക്ക് ചിറപ്പുറത്ത് ഡോക്ടർ ഹരിദാസ് ക്ലിനിക്ക് ജംഗ്ഷനിലാണ് സംഭവം. ഇൻസ്പെക്ടർ പി. സുനിൽകുമാറും, ഡ്രൈവറും മാത്രം സന്ധ്യയ്ക്ക് പട്രോളിംഗിന് ഇറങ്ങിയതായിരുന്നു. ഒരു ബൈക്കിൽ മൂന്നു യുവാക്കൾ ഹെൽമറ്റില്ലാതെ ഓടിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ട ഇൻസ്പെക്ടർ ബൈക്ക് തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ, മദ്യലഹരിയിലായിരുന്ന മൂന്നു പേരും പോലീസ് ഇൻസ്പെക്ടറോട് തട്ടിക്കയറി.
വാക്കു തർക്കത്തിനിടയിൽ മൂവരും ഇൻസ്പെക്ടറെ തള്ളി താഴെയിട്ടു. ഒരാൾ പോലീസുദ്യോഗസ്ഥന്റെ കഴുത്തിന് പിടികൂടി.
പോലീസ് ഡ്രൈവർ ഇൻസ്പെക്ടറുടെ രക്ഷയ്ക്കെത്തുകയും, മൂന്നു പേരെയും ബലം പ്രയോഗിച്ച് കീഴടക്കിയപ്പോഴേക്കും നാട്ടുകാരും സ്ഥലത്തെത്തി.
വയർലൻസ് സന്ദേശം ലഭിച്ചതനുസരിച്ച് നീലേശ്വരം പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ സേന ചിറപ്പുറം ജംഗ്ഷനിൽ കുതിച്ചെത്തുകയും മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് രാത്രി 8-30 മണിയോടെ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
കലാപകാരികളിൽ ഒരാൾ രമേശൻ 48, ബിജെപി പ്രവർത്തകനാണ്. ഇദ്ദേഹത്തിന് മണൽ ബന്ധമുണ്ടെന്ന് പിന്നീട് പോലീസ് ഉറപ്പാക്കി. രണ്ടാമൻ അബ്ദുൾ റാഷിദ് 39, കോൺഗ്രസ്സ് പ്രവർത്തകനാണ്. മൂന്നാമൻ അഭിലാഷ് 38, ഡിവൈഎഫ്ഐ പ്രവർത്തകനാണ്.
ദേഹത്ത് പരിക്കുകൾ പറ്റിയ ഇൻസ്പെക്ടർ, സുനിൽകുമാർ ആശുപത്രിയിൽ ചികിൽസ തേടി. മൂന്ന് പേരെ പ്രതി ചേർത്ത് രാത്രിയിൽ തന്നെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം 353 (പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ) 332 (ഗുരുതരമായി പരിക്കേൽപ്പിക്കൽ) 333 (ഗുരുതര പരിക്ക്) എന്നീ വകുപ്പുകൾ പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്. സെക്ഷൻ 332, 333, കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത വകുപ്പുകളാണ്. 333 സെഷൻസ് കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റകൃത്യമാണ്.