നീലേശ്വരത്ത് യുഡിഎഫിന് ആത്മവിശ്വാസം

നീലേശ്വരം: നീലേശ്വരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇക്കുറി യുഡിഎഫ്  മത്സരത്തിനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ. 2015-2020 കാലയളവിൽ  നീലേശ്വരം നഗരസഭ ഭരിച്ച  എൽഡിഎഫ്  ഭരണ സമിതിയുടെ  കഴിവുകേടുകളെ തുറന്ന് കാട്ടിയാണ് യുഡിഎഫ് ഇക്കുറി അങ്കത്തിനിറങ്ങുന്നത്.

പ്രൊഫ. കെ.പി ജയരാജൻ നേതൃത്വം  നൽകിയ നഗരസഭാഭരണ സമിതി സർവ്വ മേഖലകളിലും തികഞ്ഞ പരാജയമാണെന്ന നിലപാടാണ് നഗരസഭയിലെ  ഭൂരിപക്ഷം വോട്ടർമാർക്കുമുള്ളത്. ഈ ജനവികാരത്തെ വോട്ടാക്കി മാറ്റി നഗരഭരണം പിടിച്ചെടുക്കാമെന്ന  പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്.

സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കെ. പി. ജയരാജനെ നഗരസഭാധ്യക്ഷനാക്കിയതാണ്. ഇടതു പക്ഷ മുന്നണി ചെയ്ത അബദ്ധമെന്നാണ് ഇടത് അനുഭാവികളുടെ അഭിപ്രായം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ  കുറേ ഉദ്ഘാടന കോലാഹലങ്ങൾ നടന്നതല്ലാതെ നഗരസഭയിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും പൊതു ജനത്തിന് അഭിപ്രായമുണ്ട്.

നീലേശ്വരം ടൗണിന്റെ തീരാശാപമായ ഗതാഗതക്കുരുക്കിന് പരിഹാരമായി രാജാറോഡ് നവീകരണം യാഥാർത്ഥ്യമാക്കുമെന്ന് നഗരസഭ ഭരണ സമിതി പൊതു ജനത്തിന്  ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ലെന്നത് പോരായ്മയാണെന്ന്  വോട്ടർമാർ  പറയുന്നു. പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് സംവിധാനമുള്ള നീലേശ്വരം ടൗണിന്റെ നിലവിലത്തെ അവസ്ഥ ഭരണമികവിന്റെ ഉദാഹരണമെന്നാണ് പൊതു ജനത്തിന്റെ  പരിഹാസം.

നീലേശ്വരം നഗരസഭയുടെ തൊട്ടടുത്ത നഗരസഭയായ കാഞ്ഞങ്ങാട് നഗരസഭയുടെ ചെയർമാന് അഭിവാദ്യമർപ്പിച്ച് നാട്ടുകാർ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് നീലേശ്വരം നഗരസഭാഭരണ സമിതിയോടുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു. 3 വർഷം മുമ്പാണ് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന് അഭിവാദ്യമർപ്പിച്ച് നീലേശ്വരം ബസ്റ്റാന്റിൽ ഫ്ലക്സ്  ബോർഡുയർന്നത്.

ഏതാനും ദിവസം മുമ്പാണ് നീലേശ്വരം നഗരസഭയെ ജില്ലയിലെ ഏറ്റവും നല്ല നഗരസഭയായി കാസർകോട്ടെ   ഒരു സംഘടന തെരഞ്ഞെടുത്തത്. നീലേശ്വരം  നഗരസഭയെ ജില്ലയിലെ മികച്ച നഗരസഭയായി തെരഞ്ഞെടുത്തവർ അന്ധന്മാരായിരിക്കുമെന്നാണ് നീലേശ്വരം  നഗരസഭാ നിവാസികളുടെ പരിഹാസം.

തുടർച്ചയായി 2 തവണ നഗരസഭാ ഭരണം കയ്യാളിയ എൽഡിഎഫിന് നഗരസഭയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. സ്വന്തമായി കൗൺസിൽ ഹാളോ, ടൗൺഹാളോ ഇല്ലാത്ത കേരളത്തിലെ ഏക നഗരസഭയും നീലേശ്വരം  നഗരസഭയാണ്. നീലേശ്വരം ബസ്സ്റ്റാന്റ്  വികസനവും കടലാസിൽക്കുരുങ്ങി കിടക്കുകയാണ്.

ഈ സാഹചര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് ഇക്കുറി വോട്ട് ചോദിക്കുന്നത്. നഗരസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിനേക്കാൾ ഒരുപടി മുന്നിലാണ് നീലേശ്വരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ. ചെയർപേഴ്സൺ സ്ഥാനം വനിതാ സംവരണമാണെങ്കിലും തൽസ്ഥാനത്തേക്ക് ആരെയും  ഉയർത്തിക്കാണിക്കേണ്ടെന്നാണ് കെ.പി.സി.സി നിർദ്ദേശം.

LatestDaily

Read Previous

സിപിഎം അധ്യക്ഷ സ്ഥാനാർത്ഥിക്കെതിരെ മുൻ സിപിഎം കൗൺസിലർ പത്രിക നൽകി

Read Next

മുസ്ലീം ലീഗിന് മൂന്ന് വാർഡുകളിൽ റിബൽ