അവാർഡ് ഫലിതമാക്കരുത്

കാസർകോട് ജില്ലയിലെ ഏറ്റവും മികച്ച നഗരസഭയായി നീലേശ്വരം നഗരസഭയെ തെരഞ്ഞെടുത്തവർ കുഞ്ചൻ നമ്പ്യാരെക്കാളും മികച്ച ഫലിതപ്രിയരാണെന്ന് പറയേണ്ടി വരും. അടിസ്ഥാന വികസന മേഖലകളിലടക്കം തീർത്തും പരാജയമായ നീലേശ്വരം നഗരസഭാ ഭരണ സമിതിയുടെ നേട്ടങ്ങൾ നിരത്തി അവാർഡ് പ്രഖ്യാപിച്ചവർ കുരുടൻ ആനയെക്കണ്ടപോലെയാണ് കാര്യങ്ങൾ വിലയിരുത്തിയതെന്ന് തോന്നുന്നുണ്ട്.

പേരിൽ നഗരസഭയെങ്കിലും പഞ്ചായത്തിന്റെ കാലത്തുണ്ടായിരുന്ന സൗകര്യങ്ങളിൽ നിന്ന് നീലേശ്വരം നഗരസഭ ഒട്ടും മുന്നോട്ട് പോയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. നീലേശ്വരം നഗരസഭ രൂപീകരണത്തിന് ശേഷം രണ്ട് ഭരണ സമിതികൾ നഗരസഭാ ഭരണം കൈയാളിയിട്ടും നഗരസഭ അതിന്റെ ബാലാരിഷ്ടതകളിൽ കൈകാലിട്ടടിക്കുക തന്നെയാണ്.

നഗരസഭാ കൗൺസിൽ യോഗങ്ങൾ നടത്താൻ പോലും സൗകര്യമില്ലാത്ത നഗരസഭ അടിസ്ഥാന വികസന കാര്യങ്ങളിൽ വളരെ പിന്നോക്കാവസ്ഥയിലാണ്. നീലേശ്വരം നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ നേരിട്ട് കണ്ടിട്ടുള്ള ആരും തന്നെ നഗരസഭയെ മികച്ച നഗരസഭയായി പ്രഖ്യാപിച്ച ക്രൂര കൃത്യത്തിന് കയ്യടിക്കുമെന്ന് തോന്നുന്നില്ല.

അടിക്കടി ഗതാഗത തടസ്സമുണ്ടാകുന്ന നീലേശ്വരം രാജാ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റോഡ് വീതി കൂട്ടുന്നതടക്കമുള്ള നിർദ്ദേശങ്ങൾ പൊന്തി വന്നെങ്കിലും വീതികൂട്ടൽ പ്രവർത്തനങ്ങളുടെ സർവ്വേ നടത്തിയതല്ലാതെ പിന്നീട് ഇതിനെക്കുറിച്ചാരും ചർച്ച ചെയ്യുന്നത് നീലേശ്വരം നഗരസഭയിൽ കേട്ടിട്ടുണ്ടാകില്ല. രാജാറോഡ് വികസനത്തിന്റെ ഫയലുകൾ ചിതലരിച്ച് നശിക്കാൻ തുടങ്ങിയിട്ടും ഭരണ സമിതി ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുക്കാതെ മുഖം പൂഴ്ത്തിയിരിപ്പായിരുന്നു.

നീലേശ്വരം ബസ്റ്റാന്റ് പൊളിച്ചു മാറ്റി പകരം പുതിയ ബസ്റ്റാന്റ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും ഫയലിൽ ഉറങ്ങുകയാണ്. സ്വന്തമായി ടൗൺഹാളില്ലാത്ത, ഒരു സിനിമാ തീയേറ്ററില്ലാത്ത കൗൺസിൽ യോഗം ചേരാൻ സ്വന്തമായി സൗകര്യമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയെന്ന സ്ഥാനവും നീലേശ്വരത്തിന് സ്വന്തം.

ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്ന് പറയപ്പെടുന്ന നീലേശ്വരത്ത് സാംസ്കാരിക രംഗത്ത് മുതൽകൂട്ടാവുന്ന സ്ഥാപനങ്ങളൊന്നും ഇല്ലെന്നുള്ളത് കൗതുകകരമായ യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ വേണം നീലേശ്വരം നഗരസഭയ്ക്ക് ലഭിച്ച പുരസ്ക്കാരത്തെ വിലയിരുത്താൻ. അള്ളട രാജ വംശത്തിന്റെ ആസ്ഥാനമായ നീലേശ്വരത്ത് രാജവാഴ്ചയുടെ സ്മാരകങ്ങളായ നിരവധി കെട്ടിടങ്ങൾ ജീർണ്ണിച്ച് നാമാവശേഷമായിക്കൊണ്ടിരിക്കുന്നുണ്ട്. ഇവ സംരക്ഷിക്കാൻ ക്രിയാത്മകമായി ഇടപെടുന്ന ഒരു ഭരണ സംവിധാനമാണ് നീലേശ്വരത്തുണ്ടായിരുന്നതെന്ന് പറയാൻ വയ്യ.

സർക്കാർ പദ്ധതികളായ ഇ.എം.എസ് സ്റ്റേഡിയം, പാലായി റഗുലേറ്റർ കം ബ്രിഡ്ജ്, കോട്ടപ്പുറം അച്ചാംതുരുത്തി പാലം, കേന്ദ്രസർക്കാരിന്റെ കേന്ദ്രീയ വിദ്യാലയം, പള്ളിക്കര റെയിൽവേ മേൽപ്പാലം എന്നിവ നഗരസഭയുടെ കണക്കിൽ കൊള്ളിച്ചാണ് കാസർകോട് ആസ്ഥാനമായ സംഘടന പ്രഥമ ഏ.പി.ജെ. അബ്ദുൾ കലാം അവാർഡ് നീലേശ്വരം നഗരസഭയ്ക്ക് നൽകിയിരിക്കുന്നതെന്ന് കാണാം.

അവാർഡുകൾ അംഗീകാരമാണെങ്കിലും അർഹതപ്പെട്ടവർക്ക് തന്നെയാണോ അത് നൽകുന്നതെന്ന് അവാർഡ് കൊടുക്കുന്നവർ പരിശോധിക്കുക തന്നെ വേണം. നീലേശ്വരം നഗരസഭയ്ക്ക് ജില്ലയിലെ മികച്ച നഗരസഭയ്ക്കുള്ള അവാർഡ് കിട്ടിയെങ്കിൽ ജില്ലയിലെ മറ്റുള്ള നഗരസഭകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നീലേശ്വരം നഗരസഭ നിവാസികൾ ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല.

LatestDaily

Read Previous

തേനൂറും മധുരവുമായി തൃക്കരിപ്പൂർ യുവാക്കൾ

Read Next

നവവധു കോടതിയിൽ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം പോയി