കെഎസ്ഇബി ഉദ്യോഗസ്ഥന്റെ സെൽഫോൺ പത്ത് ദിവസം മുമ്പ് സ്വിച്ച് ഓഫിലായി

കാഞ്ഞങ്ങാട്: നീലേശ്വരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച കാസർകോട് കെഎസ്ഇബി വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ ഏഴിലോട് വടക്കേടത്ത് രാജന്റെ 53, സെൽഫോൺ മരണം സംഭവിക്കുന്നതിന്റെ പത്തുദിവസം മുമ്പ് സ്വിച്ച് ഓഫിലായതായി കണ്ടെത്തൽ. ജനുവരി 21-ന് രാവിലെയാണ് മൂന്ന് ദിവസം പഴക്കമുള്ള രാജന്റെ മൃതദേഹം പള്ളിക്കര കറുത്ത ഗേറ്റിനടുത്തുള്ള അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ കാണപ്പെട്ടത്.

വീടിന്റെ മുകൾ നിലയിലേക്ക് കയറാൻ സ്ഥാപിച്ച ഇരുമ്പ് കോണിപ്പടിയിൽ പൂർണ്ണമായി നഗ്നനാക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടത് ഏറെ ദുരൂഹതയ്ക്കിടയാക്കിയിരുന്നു. മരണത്തിൽ സംശയമുയർന്നതിനെ തുടർന്ന് കേസന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം എസ്ഐ, കെ.പി. സതീഷ്, രാജന്റെ മുറിയിൽ നിന്നും കണ്ടെടുത്ത അദ്ദേഹത്തിന്റെ സെൽഫോൺ വിദഗ്ധ പരിശോധനക്കയക്കുകയായിരുന്നു. ഫോൺ സിഡിആർ പരിശോധിച്ചപ്പോഴാണ് ജനുവരി 12-ന് സ്വിച്ച് ഓഫിലായ രാജന്റെ മൊബൈൽ ഫോൺ പിന്നീട് പ്രവർത്തിട്ടിച്ചില്ലെന്ന് വ്യക്തമായത്.

ജനുവരി 12 മുതൽ രാജൻ ജോലി ചെയ്യുന്ന കാസർകോട്ടെ ഓഫീസിലുമെത്തിയിരുന്നില്ല. രാജന്റെ ഫോൺകോൾ വിവരം വിശദമായി പോലീസ് ശേഖരിച്ചു. അദ്ദേഹത്തിന്റെ ബാങ്കിടപാടുകൾ കണ്ടെത്തുന്നതിന്, വിവരം നൽകാൻ പോലീസ് ബാങ്കധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ നടന്ന വിദഗ്ധ പോസ്റ്റ്മോർട്ടത്തിന്റെ പൂർണ്ണ റിപ്പോർട്ട് പോലീസിന് ലഭിച്ചു. വീഴ്ചയെ തുടർന്ന് കഴുത്ത് കോണിപ്പടിക്കിടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് രാജന്റെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. പൂണ്ണ നഗ്നനാക്കപ്പെട്ട നിലയിൽ രാജൻ എങ്ങനെ കോണിപ്പടിയിലേക്ക് തലയിടിച്ച് വീണുമരിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

LatestDaily

Read Previous

വിലാപ യാത്രയ്ക്കിടെ ലീഗ് ഓഫീസ് അക്രമിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തില്ല മുസ്്ലീം ലീഗ് പോലീസ് സ്റ്റേഷൻ മാർച്ചിന്

Read Next

സുനിലിന് മടിക്കൈ ബാങ്കിൽ 3 കോടിക്ക് മുകളിൽ നിക്ഷേപം