നീലേശ്വരത്ത് ജ്വല്ലറി കുത്തിത്തുറക്കാൻ മോഷ്ടാവെത്തിയത് പിപിഇ കിറ്റ് ധരിച്ച്

നീലേശ്വരം:  നീലേശ്വരം റെയിൽവെ മേൽപ്പാലത്തിന് സമീപം കോൺവെന്റ് ജംങ്ങ്ഷനിലെ കുഞ്ഞിമംഗലത്ത് ജ്വല്ലറിയിൽ കവർച്ച ചെയ്യാനെത്തിയ മോഷ്ടാവ് പിപിഇ കിറ്റ് ധരിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 12-3-0 മണിയോടെയാണ് നീലേശ്വരത്തെ കെ.എം. ജനാർദ്ദനന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ മോഷണശ്രമമുണ്ടായത്.

സുരക്ഷാ ജീവനക്കാരൻ തക്കസമയത്ത് എത്തിയതിനാലാണ് മോഷ്ടാവ് മോഷണശ്രമമുപേക്ഷിച്ച് രക്ഷപ്പെട്ടത്. ജ്വല്ലറിയിലെത്തി മോഷണശ്രമം നടത്തിയത് ഒരാളെന്നാണ് സിസിടിവി ദൃശ്യങ്ങളിലുള്ള സൂചന. അതേസമയം, സംഘത്തിൽ രണ്ട് പേരുണ്ടെന്നും അപരൻ കോൺവെന്റിന്റെ മതിൽ ചാടി രക്ഷപ്പെടുന്നത് കണ്ടുവെന്നുമാണ് സുരക്ഷാ ജീവനക്കാരൻ പറയുന്നത്.

ജ്വല്ലറിയുടെ പൂട്ട് തകർക്കുന്ന ശബ്ദം കേട്ട സുരക്ഷാ ജീവനക്കാരൻ ബഹളമുണ്ടാക്കുകയും, തൊട്ടടുത്ത സഥാപനങ്ങളിലെ സുരക്ഷാ ജീവനക്കാർ ഓടിയെത്തുകയും ചെയ്തതോടെയാണ് മോഷ്ടാക്കൾ ശ്രമമുപേക്ഷിച്ച് രക്ഷപ്പെട്ടത്. പൂട്ട് തകർക്കാനുള്ള ഗ്യാസ് കട്ടറും, ആധുനിക  ഉപകരണങ്ങളും ഉപേക്ഷിച്ചാണ് തസ്ക്കര സംഘം രക്ഷപ്പെട്ടത്. മോഷണശ്രമം നടന്ന ജ്വല്ലറിയിൽ വിരലടയാള വിദഗ്ദർ തെളിവ് ശേഖരിച്ചു.

സ്ഥലത്ത് പരിശോധനയ്ക്കെത്തിയ പോലീസ് നായ ജ്വല്ലറിയിൽ നിന്നും മണം പിടിച്ച് മേൽപ്പാലത്തിന് സമീപം എഫ്സിഐ ഗോഡൗണിന്  സമീപമുള്ള എൻകെ ബാലകൃഷ്ണൻ സ്മാരക  സഹകരണാശുപത്രിക്ക് തൊട്ടപ്പുറം വരെ ഓടി. മോഷ്ടാക്കൾ ഇവിടെനിന്നും വാഹനത്തിൽ രക്ഷപ്പെട്ടതായാണ് സംശയം. സമാനമായ രീതിയിൽ കഴിഞ്ഞ വർഷവും മേൽപ്പാലത്തിന് സമീപത്തുള്ള കെഎംകെ ജ്വല്ലറിയിൽ മോഷണശ്രമം നടന്നിരുന്നു. കുഞ്ഞിമംഗലം ജ്വല്ലറിയുടെ ഉടമയായ കെ. എം. ജനാർദ്ദനന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കെഎംകെ ജ്വല്ലറിയിലാണ് കഴിഞ്ഞ വർഷം മോഷണശ്രമം നടന്നത്.

LatestDaily

Read Previous

വീടുവിട്ട യുവതിയേയും മകളെയും മുംബൈയിൽ നിന്നും നാട്ടിലെത്തിക്കും

Read Next

തെരുവ് നായ ശല്യം