നീലേശ്വരത്ത് നില മെച്ചപ്പെടുത്തുമെന്ന് എൽഡിഎഫ്

നീലേശ്വരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മൂർധന്യാവസ്ഥയിലെത്തി നിൽക്കുമ്പോൾ നീലേശ്വരം നഗരസഭയിൽ തുടർഭരണ പ്രതീക്ഷയിലാണ് എൽഡിഎഫ്.  കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ നേടി നഗരസഭാ ഭരണം നിലനിർത്താനാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. 32 വാർഡുകളുള്ള നീലേശ്വരം നഗരസഭയിൽ കഴിഞ്ഞ ഭരണസമിതിയിൽ എൽഡിഎഫിന് 19 സീറ്റുകളും, യുഡിഎഫിന് 13 സീറ്റുകളുമാണ് ലഭിച്ചത്. ഇക്കുറി കൂടുതൽ സീറ്റുകൾ നേടാനാകുമെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം.

നീലേശ്വരം നഗരസഭയിൽ ആകെ വോട്ടർമാരുടെ എണ്ണം 31,436 ആണ്. ഇതിൽ 17,064 സ്ത്രീ വോട്ടുകളും, 14,371 പുരുഷ വോട്ടുകളും ഒരു ട്രാൻസ്ജെന്റർ വോട്ടുമാണുള്ളത്. സ്ത്രീ വോട്ടുകൾ നിർണ്ണായകമായ നഗരസഭയിൽ കുടുംബയോഗങ്ങൾ വിളിച്ചുചേർത്ത് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനാണ് എൽഡിഎഫ് ശ്രമം. നഗരസഭയിൽ എൽഡിഎഫിന്റെ കുടുംബയോഗങ്ങൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ചാത്തമത്ത് ആദ്യമായി ബിജെപിയുടെ വനിതാ സ്ഥാനാർത്ഥി മത്സരിക്കുകയാണ്. ഇവിടെ യുഡിഎഫ് സ്വതന്ത്രനെയാണ് പിന്താങ്ങുന്നത്. നഗരസഭയിൽ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

നഗരസഭയിലെ 11,12 വാർഡുകളിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. 32 അംഗ നഗരസഭാ കൗൺസിലിലേക്ക് ബിജെപി 20 സീറ്റുകളിൽ മാത്രമാണ് മത്സരിക്കുന്നത്. ബാക്കിയുള്ള 12 വാർഡുകളിലെ ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിക്കാനാണ് സാധ്യത. നഗരസഭയുടെ 3-ാം വാർഡിൽ കോൺഗ്രസിന്റെ വിമത സ്ഥാനാർത്ഥിയായി ഷീബയാണ് മത്സരിക്കുന്നത്. ഇവരെ മത്സര രംഗത്തുനിന്നും മാറ്റാൻ കോൺഗ്രസ് നേതൃത്വം ആവത് ശ്രമിച്ചിട്ടും നടന്നിട്ടില്ല. നഗരസഭയിൽ കോൺഗ്രസിനകത്തെ ഗ്രൂപ്പിസം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള 19 സീറ്റുകൾക്ക് പുറമെ 4-ാം വാർഡും, 16-ാം വാർഡും യുഡിഎഫിൽ നിന്നും പിടിച്ചെടുക്കാൻ കഴിയുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. 5-ാം വാർഡായ ചിറപ്പുറത്തും, 6-ാം വാർഡായ പട്ടേനയിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയം ഏതാണ്ടുറപ്പിച്ച മട്ടിലാണ്. സമ്പൂർണ്ണ പെൻഷൻ നഗരമായ നീലേശ്വരത്ത് സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം , സൗജന്യകിറ്റ് വിതരണം എന്നിവ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുന്നത്. നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപത്തെ ഇഎംഎസ് സ്റ്റേഡിയം, പാലായി റഗുലേറ്റർ കംബ്രിഡ്ജ് മുതലായ സർക്കാർ പദ്ധതികളും, കേരള സർക്കാരിന്റെ ജനോപകാര പ്രദമായ പദ്ധതികളും തിരഞ്ഞെടുപ്പിൽ പരിഗണനാ വിഷയങ്ങളാകുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.

LatestDaily

Read Previous

മുഹമ്മദ് സവാദ് മരിച്ചത് കരളിൽ വിഷം കലർന്ന്; ദുരൂഹത അകലുന്നില്ല

Read Next

മുസ് ലീം ലീഗിനേക്കാൾ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സ്