ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗുരുവനം കുന്നിലുള്ള 5 കോടിയുടെ ഭൂമി ഇപ്പോൾ ആരുടെ പേരിൽ -?
നീലേശ്വരം: സിപിഎം നിയന്ത്രണത്തിൽ 15 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച നീലേശ്വരം എജ്യുക്കേഷൻ സൊസൈറ്റി മടിക്കൈയിലെ ഗുരുവനം കുന്നിൻമുകളിൽ കരിഞ്ഞുണങ്ങി നിൽക്കുന്നു. മുൻ എംപി, പി. കരുണാകരൻ പ്രസിഡന്റായി ആദ്യകാലത്ത് നീലേശ്വരത്തും കാഞ്ഞങ്ങാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയിരുന്ന നീലേശ്വരം എജ്യുക്കേഷൻ സൊസൈറ്റി പിന്നീട് നാമാവശേഷമാവുകയായിരുന്നു.
ഈ സഹകരണ സംഘം ഒരു സ്വകാര്യ കോളേജ് സ്ഥാപിക്കാൻ കാഞ്ഞങ്ങാട് അരയി ഗുരുവനം കുന്നിൽ 5 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഭൂമി ഇപ്പോഴും ഗുരുവനം കുന്നിലുണ്ട്. സുനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായി കുമ്പള കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സൗജന്യമായി അനുവദിച്ച മിച്ച ഭൂമി നീലേശ്വരം എജ്യുക്കേഷൻ സൊസൈറ്റി ചുളുവിലയ്ക്ക് വാങ്ങുകയായിരുന്നു. സൊസൈറ്റി പ്രവർത്തനം പാടെ നിലച്ചതിനാൽ സഹകരണ സംഘം റജിസ്ട്രാർ ഈ സൊസൈറ്റി അസാധുവാക്കി രേഖകളിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഗുരുവനം കുന്നിലുള്ള 4 ഏക്കർ ഭൂമി അതേപടി കിടക്കുന്നുണ്ട്.
ഗുരുവനം കുന്നിൽ വ്യവസായ പാർക്ക് സ്ഥാപിക്കാൻ സ്ഥലം, ചുറ്റുമതിൽ കെട്ടി വളച്ചുവെച്ചിട്ടുണ്ട്. വ്യവസായ പാർക്ക് വരുന്നതോടെ എജ്യുക്കേഷൻ സൊസൈറ്റിയുടെ 5 ഏക്കർ ഭൂമിക്ക് കോടികൾ വരുന്ന വില ലഭിക്കും. ഗുരുവനം കുന്നിനോട് ചേർന്ന് നിലവിൽ ഭൂമി, സെന്റിന് 10,000 രൂപ മുതൽ അരലക്ഷം രൂപ വരെ ഇപ്പോൾ വിലയുണ്ട്. മുൻ സിപിഎം എംഎൽഏ, പി. രാഘവൻ മുന്നാട് പീപ്പിൾസ് കോളേജിൽ നടത്തിയ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നപ്പോഴാണ് പി. കരുണാകരൻ പ്രസിഡന്റായി സഹകരണ നിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്ത നീലേശ്വരം എജ്യുക്കേഷൻ സഹകരണ സംഘത്തിന്റെ അടിവേരുകൾ ജനങ്ങൾ അന്വേഷിച്ചു തുടങ്ങിയത്.
ബിരുദ ധാരികളെ മാത്രം അംഗങ്ങളായി ചേർത്തുകൊണ്ടാണ് ഈ എജ്യുക്കേഷൻ സഹകരണ സംഘം അന്ന് രജിസ്റ്റർ ചെയ്തത്. പി. കരുണാകരൻ, പി. ബേബി, മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. പ്രഭാകരൻ നെഹ്റു കോളേജിൽ നിന്ന് റിട്ടയർ ചെയ്ത മടിക്കൈയിലെ പ്രഫ. കുട്ട്യൻ, പ്രഫ. സി. ബാലൻ എന്നിവർ ഈ സഹകരണ സംഘത്തിൽ അംഗങ്ങളായിരുന്നു.