സ്വർണക്കടത്ത് കേസിൽ തെളിവുകൾ എൻഐഎ ഇഡിക്കു കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) തെളിവുകൾ കൈമാറി. കോടതി ഉത്തരവിനെ തുടർന്ന് വാട്സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകളാണ് എൻഐഎ ഇഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി പി.എസ് സരിത്തിന്‍റെ മൊഴി കൂടി രേഖപ്പെടുത്താനാണ് ഇ.ഡിയുടെ തീരുമാനം.

164 മൊഴികളിലായി നൽകിയ വിവരങ്ങളുടെ തെളിവുകൾ ഇമെയിലുകളിലുണ്ടെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. നേരത്തെ സ്വപ്നയുടെ വാട്സ്ആപ്പ് ചാറ്റുകളും മെയിലുകളും ഇഡി പരിശോധിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റേതാണെന്ന നിഗമനത്തിൽ ഇഡി എത്തിയത്. ഇതിന് പുറമെ എൻഐഎ ശേഖരിച്ച തെളിവുകളും ഇഡി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്നയോട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പിൻമാറുകയായിരുന്നു. സ്വപ്നയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതിനാൽ തനിക്കും ഹാജരാകാൻ കഴിയില്ലെന്ന് സരിത്ത് അറിയിച്ചിരുന്നു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിഐപികൾ ഉൾപ്പെടെ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സരിത്തിനെയും വിളിപ്പിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. സരിത്തിന്‍റെ മൊഴിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി.

K editor

Read Previous

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു; 18930 പുതിയ രോഗികൾ

Read Next

ബിജെപിയുടെ അവസാന മുസ്‌ലിം എംപിയും പടിയിറങ്ങി