ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : പ്രാദേശിക മാധ്യമ പ്രവർത്തകരെ നോക്കുക്കുത്തികളാക്കി നിക്ഷിപ്ത താൽപര്യക്കാരുടെ ഇടനിലക്കാർ നേട്ടം കൊയ്യുന്നു. നാട്ടിൽ നടക്കുന്ന മിക്ക പരിപാടികളുടെയും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും മാധ്യമങ്ങളിലെത്തിക്കാനുള്ള കരാറെടുത്തിരിക്കയാണ് ഫോട്ടോഗ്രാഫർമാരുടെ മേൽവിലാസത്തിലുള്ള ഇടനിലക്കാർ. കാഞ്ഞങ്ങാട് നഗരസഭയുടെതുൾപ്പടെ തദ്ദേശ സ്ഥാപനങ്ങളുടെ വക്കാലത്തും ഇവർക്ക് തന്നെയാണ്.
നഗരസഭാ യോഗങ്ങളുടെ അജണ്ട മാധ്യമങ്ങൾക്ക് നൽകുന്ന പതിവുണ്ടായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയുടെ രൂപീകരണം മുതൽ കഴിഞ്ഞതിന് മുമ്പത്തെ നഗരസഭയുടെ കാലം വരെ മാധ്യമങ്ങൾക്ക് കൗൺസിൽ യോഗത്തിന്റെ അജണ്ട കാലേക്കൂട്ടി നൽകാറുണ്ടായിരുന്നു. മറ്റ് നഗരസഭകളിൽ കൂടി ഇപ്പോഴും മാധ്യമങ്ങൾക്ക് അജണ്ട കിട്ടുന്നുണ്ട്. വി. വി. രമേശൻ നഗരസഭ ചെയർമാനായതോടെയാണ് കാഞ്ഞങ്ങാട്ട് മാധ്യമങ്ങൾക്ക് അജണ്ട നൽകുന്ന പതിവ് നിർത്തലാക്കിയത്. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം ഉൾപ്പടെ മാധ്യമ പ്രവർത്തകർ പലതവണ ആവശ്യപ്പെട്ടിട്ടും കൗൺസിൽ യോഗത്തിന്റെ അറിയിപ്പോ അജണ്ടയോ മാധ്യമങ്ങൾക്ക് നൽകുന്നില്ല.
പുതിയ നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും ചുമതലയേറ്റയുടൻ കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ മാധ്യമങ്ങൾക്ക് അജണ്ട നൽകാത്ത വിഷയം മാധ്യമ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു. എന്നാൽ, ചെയർപേഴ്സനൊപ്പം വന്ന നഗരസഭ ഉദ്യോഗസ്ഥൻ തൽസമയം തന്നെ പിറകിലിരുന്ന മാധ്യമ പ്രവർത്തകരോട് അജണ്ട മാധ്യമങ്ങൾക്ക് നൽകേണ്ടതില്ലെന്ന് പറയുകയായിരുന്നു. അതേസമയം നഗരസഭയുടെ വാർത്തകൾ തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ഇടനിലക്കാർ മുഖേനയും നേരിട്ടും എത്തിക്കുന്നതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ്.
മാധ്യമങ്ങൾക്ക് വാർത്തയും പടവും വീഡിയോ ദൃശ്യങ്ങളും നൽകുന്നതിന് സംഘാടകരിൽ നിന്ന് വലിയ തുകയാണ് ഇടനിലക്കാർ ഈടാക്കിവരുന്നത്. മുൻ കാലങ്ങളിൽ ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും നേതാക്കൾക്കും മാധ്യമപ്രവർത്തകരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഇപ്പോഴാണെങ്കിൽ വാർത്തയും ദൃശ്യങ്ങളും നൽകാൻ കരാറെടുക്കുന്നവരുമായി മാത്രം ബന്ധപ്പെട്ടാൽ മതിയാകും.
പലപ്പോഴും മാധ്യമപ്രവർത്തകർ പങ്കെടുക്കുന്ന പരിപാടികളുടെ വാർത്തകൾ പോലും ധൃതിപ്പെട്ട് പത്രം ഓഫീസുകളിലെത്തിക്കുകയായിരിക്കും ഇവർ ചെയ്യുക. പരിപാടികളിൽ സംബന്ധിക്കുന്ന മാധ്യമപ്രവർത്തകർ അതാത് സ്ഥാപനങ്ങളിൽ നൽകുന്ന വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് ഒഴിവാക്കി തങ്ങളുടെ വാർത്തകൾ പ്രസിദ്ധീകരിക്കാനും ദൃശ്യമാധ്യമങ്ങളിൽ വരുത്താനുമായിരിക്കും ഇടനിലക്കാരായ ഇക്കൂട്ടർക്ക് വ്യഗ്രത.
പല പ്രാദേശിക ലേഖകർക്കും ഇക്കാരണത്താൽ ജോലി നഷ്ടമാവുന്നുണ്ടെന്ന് മാത്രമല്ല പുതുതായി പ്രാദേശിക മാധ്യമപ്രവർത്തന രംഗത്തേക്ക് കടന്നുവരാനുള്ള താൽപര്യം ചെറുപ്പക്കാർക്ക് ഇല്ലാതാവുകയും ചെയ്യുന്നു. പണം വാങ്ങി വാർത്ത നൽകുന്ന പെയ്ഡ് ജേർണലിസം തൊഴിലാക്കിയ ചില മാധ്യമപ്രവർത്തകരും ഇക്കൂട്ടത്തിലുണ്ട്. ഒരു ഇടനിലക്കാരന് പണം നൽകി വാർത്ത നൽകുന്ന പണി ഏൽപ്പിച്ചാൽ അയാൾ വീഡിയോ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾക്കും വാർത്തയും ഫോട്ടോയും പത്രങ്ങൾക്കും നൽകും. പലപ്പോഴും ഇവർ നൽകുന്ന തെറ്റായ വാർത്തകളുടെ പാപഭാരം പേറേണ്ടി വരുന്നത് പത്രസ്ഥാപനങ്ങളിൽ പണിയെടുക്കുന്ന മാധ്യമപ്രവർത്തകരാണ്.
ചില നേതാക്കൾ ഇടനിലക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ് ഇത്തരം നേതാക്കളുടെ താൽപര്യത്തിനൊത്ത് വാർത്തകൾ മെനയാനും ആവശ്യമുള്ളേടത്ത് എത്തിക്കാനും ഇടനിലക്കാർ സന്നദ്ധമാവും. ഏതെങ്കിലും പാർട്ടികളുടെ ഗ്രൂപ്പുകളിൽപ്പെട്ടവരാണെങ്കിൽ എതിർ ഗ്രൂപ്പുകാരുടെ പേരുകൾ വെട്ടിമാറ്റാനും അവർക്കെതിരെ മോശമായ പരാമർശനങ്ങൾ ഉണ്ടാക്കാനും ഇടനിലക്കാർ വഴി നീക്കം നടത്തും. ഇത്തരം വാർത്തകൾ പത്രത്തിൽ അച്ചടിച്ചു വന്നാൽ അന്വേഷണം വരുന്നത് ബന്ധപ്പെട്ട മാധ്യമങ്ങളുടെ ഓഫീസുകളിലായിരിക്കും.
ഫോട്ടോഗ്രാഫർമാരായ ഇടനിലക്കാർ വീഡിയോ ദൃശ്യങ്ങൾകൂടി ചാനലുകൾക്ക് നൽകുന്നത് ഏറ്റെടുക്കുന്നതിനാൽ ചാനലുകളിൽ തൊഴിൽ നഷ്ടമായ വീഡിയോഗ്രാഫർമാരും കാഞ്ഞങ്ങാട്ടുണ്ട്. മാധ്യമ മര്യാദയുടെ ബാലപാഠം പഠിക്കാത്തവർക്ക് പണം വാങ്ങി ഏത് വാർത്തകളും പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും എത്തിക്കാൻ കഴിയുന്ന സാഹചര്യമാണ് കാഞ്ഞങ്ങാട്ടുള്ളത്.
ജീവിതോപാധിക്കായി സത്യസന്ധമായും മാന്യമായും മാധ്യമപ്രവർത്തനം നടത്തുന്നവരുെട അന്നം മുട്ടിക്കുന്ന തരത്തിൽ സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വൻ തുക കൈപ്പറ്റി മാധ്യമങ്ങളിൽ വാർത്തയെത്തിക്കുന്നവർ യാതൊരു നിയന്ത്രണവുമില്ലാതെ മാധ്യമരംഗം അടക്കിവാഴുന്നത് ഈ മേഖലയിൽ ഉണ്ടാക്കുന്ന അനഭിലഷണീയ പ്രവണത തടഞ്ഞില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും അനന്തരഫലം.