കോണ്‍ഗ്രസിന് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി; ആൻ്റണിയും ഉമ്മൻ ചാണ്ടിയും കമ്മിറ്റിയിൽ

ന്യൂഡല്‍ഹി: പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖാർഗെ പുതിയ പാർട്ടി പ്രസിഡന്‍റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ രാജി സമർപ്പിച്ചിരുന്നു.

പുതിയ പ്രവർത്തക സമിതി ചുമതലയേൽക്കുന്നത് വരെ പകരമായി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രവർത്തക സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാൻ രാഹുൽ ഗാന്ധി നേരത്തെ സമ്മതിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.

നെഹ്റു കുടുംബത്തിലെ എല്ലാവരും പുതുതായി നിയമിച്ച സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലുള്ളത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാവ് എ.കെ ആന്‍റണി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരും സമിതിയിലുണ്ട്.

അധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച്ച ശശി തരൂരിന്റെ പേര് സ്റ്റിയറിംഗ് കമ്മിറ്റിയിലില്ല എന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം ആദ്യം നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിൽ പുതിയ പ്രവർത്തക സമിതിയെ നിയോഗിക്കും.

അഭിഷേക് മനു സിംഗ്വി, അജയ് മാക്കൻ, അംബികാ സോണി, ജയ്റാം രമേശ്, ജിതേന്ദ്ര സിംഗ്, മുകുൾ വാസ്നിക്, പി ചിദംബരം, രണ്‍ദീപ് സുര്‍ജെവാല, താരീഖ് അൻവര്‍, അധീര്‍ രഞ്ജൻ ദാസ് ചൗധരി, ദിഗ്‍വിജയ് സിംഗ്, മീരാ കുമാര്‍, സൽമാൻ ഖുര്‍ഷിദ് എന്നിവരടക്കം ആകെ 47 പേരാണ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ.

K editor

Read Previous

4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ പരിഗണനയിലെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു

Read Next

സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 262.33 കോടി രൂപ അനുവദിച്ചു