പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കടലാസ് രഹിത പോലീസ് ഓഫീസുകൾ എന്ന ലക്ഷ്യത്തിലേക്ക് കേരള പോലീസിനെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുകയാണ് മൊബൈൽ ആപ്ലിക്കേഷനായ മി-കോപ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികളുടെ സമയബന്ധിതവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, സി.സി.ടി.എൻ.എസിന്‍റെ നോഡൽ ഓഫീസർ കൂടിയായ ഐ.ജി പി.പ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

53 മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന മി-കോപ്സ് മൊബൈൽ ആപ്ലിക്കേഷൻ വിവിധ ഘട്ടങ്ങളിലായി വികസിപ്പിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 16 മൊഡ്യൂളുകൾ ആദ്യഘട്ടത്തിൽ നടപ്പാക്കും. പോലീസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൂടാതെ ഉദ്യോഗസ്ഥരുടെ ഓഫീസ് സംബന്ധമായ വ്യക്തിഗത വിവരങ്ങളും കൈകാര്യം ചെയ്യുന്ന, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏറ്റവും ആധുനിക മൊബൈല്‍ ആപ്പാണിത്.

ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ, പോലീസ് ഉദ്യോഗസ്ഥർക്ക് ഓഫീസ് പ്രവർത്തനങ്ങൾ നിർവഹിക്കാനും അപേക്ഷകളുടെ അന്വേഷണത്തിന് സ്റ്റാഫിനെ നിയോഗിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് അന്വേഷണവുമായി ബന്ധപ്പെട്ട പരിശോധനകളും ഫീൽഡ് ലെവൽ പ്രവർത്തനങ്ങളും കാര്യക്ഷമമായും വേഗത്തിലും നിർവഹിക്കാനും കഴിയും. റിപ്പോര്‍ട്ടുകളും മറ്റും യഥാസമയം സ്വന്തം മൊബൈല്‍ വഴി തന്നെ നൽകാന്‍ കഴിയുന്നതിലൂടെ പ്രവര്‍ത്തിസമയം ലാഭിക്കുകയും കാര്യക്ഷമത മെച്ചപ്പെടുകയും ചെയ്യും.

K editor

Read Previous

മധ്യപ്രദേശിൽ ‘കോട്ടണിന്’ പകരം ‘കോണ്ടം’ പാക്കറ്റ് മുറിവിൽ വെച്ചുകെട്ടി

Read Next

ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സോനം കപൂർ