നാവികസേനയ്ക്ക് പുതിയ പതാക; കൊച്ചിയിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും

ന്യൂഡല്‍ഹി: കൊളോണിയൽ കാലഘട്ടത്തിന്‍റെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലിന്‍റെ കമ്മിഷൻ ചടങ്ങിൽ പുതിയ പതാക പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു. ഐഎൻഎസ് വിക്രാന്ത് സെപ്റ്റംബർ രണ്ടിന് കൊച്ചിയിൽ കമ്മിഷൻ ചെയ്യും.

കൊളോണിയൽ ഭൂതകാലത്തിന്‍റെ അവശിഷ്ടങ്ങൾ ഇല്ലാതാക്കിക്കൊണ്ട് സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് അനുയോജ്യമായ പുതിയ നാവിക പതാക പ്രധാനമന്ത്രി ചടങ്ങിൽ അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് നാവികസേനയുടെ പതാക മാറ്റുന്നത്.

വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവില്‍ നാവികസേനയുടെ പതാക. ചുവന്ന വരകൾ സെന്‍റ് ജോർജ്ജ് ക്രോസ് എന്നറിയപ്പെടുന്നു. സെന്‍റ് ജോർജ്ജ് ക്രോസ് 1928 മുതൽ നാവികസേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലഘട്ടത്തിലാണ് കേന്ദ്ര സർക്കാർ നാവികസേനയുടെ ചിഹ്നം പതാകയിൽ ചേർത്തത്. ചിഹ്നത്തിന് നീല നിറമായിരുന്നു. എന്നാൽ, നിറത്തെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ചിഹ്നത്തിന്‍റെ നിറം വീണ്ടും മാറ്റി. 2014ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേര്‍ത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്.

K editor

Read Previous

പ്രിയാ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഒരു മാസം കൂടി നീട്ടി

Read Next

ഊട്ടിയിൽ പുഴയിലൂടെ ഒഴുകിയെത്തിയ കുട്ടിയാനയെ അമ്മയ്ക്കൊപ്പം തിരികെ വിടാൻ ശ്രമം