നാഗാലാൻഡിൽ എൻ.ഡി.എ തരംഗം ആഞ്ഞടിക്കുന്നു; വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്

കൊഹിമ: എൻ.ഡി.എ തരംഗം ആഞ്ഞടിച്ച നാഗാലാൻഡിൽ എൻ.ഡി.പി.പി-ബി.ജെ.പി സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 60 അംഗ നിയമസഭയിൽ 43 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ബിജെപി 17 സീറ്റിലും സഖ്യകക്ഷിയായ എൻഡിപിപി 26 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻപിഎഫ്-4, എൻപിപി-3, എൻസിപി-2, കോൺഗ്രസ്-1, മറ്റ് പാർട്ടികൾ 5 സീറ്റുകളിലുമാണ് മുന്നിലുള്ളത്. 60 സീറ്റുകളില്‍ എന്‍.ഡി.പി.പി 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇത്തവണ ബി.ജെ.പിയുടെ പ്രകടനം ശ്രദ്ധേയമാണ്. മത്സരിച്ച 20 സീറ്റുകളിൽ മൂന്നെണ്ണമൊഴികെ 17 സീറ്റുകളിൽ വിജയിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു സീറ്റ് ഉറപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. കോൺഗ്രസ് നാമനിർദേശ പത്രിക പിൻ വലിച്ചതിനെ തുടർന്ന് അകുതോയില്‍ നിന്ന് ബിജെപിയുടെ കസെറ്റോ കിമിനിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിക്കൊപ്പം ഗോത്ര സംഘടനകളുടെ പിന്തുണയുണ്ടെന്നത് എൻഡിപിപി-ബിജെപി സഖ്യത്തിന് ഗുണം ചെയ്തു. 2018ല്‍ തിരഞ്ഞെടുപ്പിനു മുമ്പ് വരെയും സഖ്യകക്ഷിയായിരുന്ന എന്‍. പി.എഫുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് എന്‍.ഡി.പി.പിയുമായി ബി.ജെ.പി. കൈകോർത്തത്. എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ ആകെയുള്ള 58 സീറ്റുകളിൽ 27 എണ്ണവും എൻഡിപിപി-ബിജെപി സഖ്യം നേടി. ഒരു സീറ്റ് പോലും നേടാനാകാതെ കോൺഗ്രസ് തകർന്നടിഞ്ഞു. 2013 ൽ ബിജെപി ഒരു സീറ്റിലേക്ക് ചുരുങ്ങിയ ബിജെപി അന്ന് നേടിയത് 11 സീറ്റാണ്. നാല് എൻസിപി എംഎൽഎമാരിൽ മൂന്ന് പേർ ബിജെപിയിൽ ചേർന്നതോടെ നാഗാലാൻഡിലെ രണ്ടാമത്തെ വലിയ പാർട്ടിയായി ബിജെപി മാറി.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ബിജെപി പിടിച്ചെടുത്തത്. 2015ലാണ് കേന്ദ്ര സർക്കാർ നാഗാ വിമതരുമായി സമാധാന കരാറിൽ ഒപ്പുവെച്ചത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു അന്ന് ബി.ജെ.പിയുടെ ലക്ഷ്യം. നാഗാലാൻഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വികസന സംരംഭങ്ങളായിരുന്നു ഇത്തവണയും ബി.ജെ.പിയുടെ പടവാൾ. വിഘടനവാദവും ഗോത്രപ്രശ്നങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞതും ബി.ജെ.പിക്ക് നേട്ടമായി. ഗോത്ര വിഭാഗങ്ങളുടെ സംഘടനയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ ഫ്രോണ്ടിയർ നാഗാലാൻഡ് എന്ന പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതോടെ ഇവർ ബഹിഷ്കരണത്തിൽ നിന്ന് പിൻമാറി. ഇതും ബി.ജെ.പിയെ സഹായിച്ചു.

K editor

Read Previous

ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Read Next

ഹിൻഡൻബർഗ് റിപ്പോർട്ട്; അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു