നൗഷീറ ആത്മഹത്യ: സെൽ ഫോൺ പരിശോധനയ്ക്കയച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ യുവ ഭർതൃമതി നൗഷീറയുടെ 25, സെൽഫോൺ സൈബർ സെൽ പരിശോധനയ്ക്കയച്ചു. പാണത്തൂർ സ്വദേശിനിയായ നൗഷീറ പാറപ്പള്ളിയിലെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കാൻ കാരണം. ഭർത്താവിന്റെ കടുത്ത പീഡനത്തെ തുടർന്നാണെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് നൗഷീറയുടെ സെൽഫോൺ പോലീസ് പരിശോധനയ്ക്കയച്ചത്.

കഴിഞ്ഞ 11-ാം തീയ്യതി പുലർച്ചെയാണ് യുവതി ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ ഫാനിന്റെ ഹുക്കിൽ കെട്ടിത്തൂങ്ങി മരിച്ചത്. ഒഴിഞ്ഞവളപ്പിലെ ബന്ധുവീട്ടിൽ നടന്ന വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് പുലർച്ചെ മടങ്ങിയെത്തിയ ശേഷമാണ് നൗഷീറ ആത്മഹത്യ ചെയ്തത്.  പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും, ദുരൂഹതയകലുന്നില്ല. ഭർത്താവ് പാറപ്പള്ളി സ്വദേശി റസാഖിനെ അമ്പലത്തറ പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ തെളിവ് കണ്ടെത്തുന്നതിനുവേണ്ടിയാണ് പോലീസ് നൗഷീറയുടെ സെൽഫോൺ പരിശോധനയ്ക്കയച്ചത്.

മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് മർദ്ദിച്ചതായി ആരോപിച്ച് നൗഷീറ സഹോദരിക്ക് വാട്സാപ്പ് സന്ദേശമയച്ചിരുന്നു. വിരുന്ന് സൽക്കാരത്തിനിടെ ഒഴിഞ്ഞവളപ്പിലെ വീട്ടിൽ ഭർത്താവ് കഴുത്തിന് പിടിച്ച് മർദ്ദിച്ചിരുന്നതായി നൗഷീറ സഹോദരിക്കയച്ച വാട്സാപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിക്കയച്ച വാട്സാപ്പ് സന്ദേശം നൗഷീറ മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പാണോയെന്നറിയാനാണ് പ്രധാനമായും അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായം തേടിയത്.

LatestDaily

Read Previous

വാട്സ്ആപ്പ് പ്രണയം ജ്വല്ലറി ജീവനക്കാരന് മാതമംഗലത്ത് മർദ്ദനം

Read Next

വൺഫോർ അബ്ദുറഹിമാൻ സി.എച്ച്. സെന്റർ ഭാരവാഹിത്വം രാജി വെച്ചു