ദേശീയപാതയ്ക്കായി ആരാധനാലയം വഴി മാറി; കൂളിയങ്കാൽ മുഹ്യുദ്ദീൻ മസ്ജിദ് ഒാർമ്മയായി

കാഞ്ഞങ്ങാട്: ദേശീയപാതയ്ക്കായി വഴി മാറിയപ്പോൾ കൂളിയങ്കാൽ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഒാർമ്മയായി. ദേശീയപാത വികസനത്തിനായാണ് കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള കൂളിയങ്കാൽ മസ്ജിദ് പൊളിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച് ഇന്ന്  വൈകീട്ടോടെ പള്ളി പൊളിക്കൽ പൂർണ്ണമാകും. പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ച് നീക്കിയത്. ജെസിബി ഉപയോഗിച്ച് കോൺക്രീറ്റ് കെട്ടിടം പൊളിച്ച് നീക്കുകയായിരുന്നു.

കൂളിയങ്കാലിൽ  നേരത്തെ ചെറിയ നിസ്ക്കാര പള്ളിയായിരുന്നു. 28 വർഷം മുമ്പാണ് നിലവിലുണ്ടായിരുന്ന പള്ളി നിർമ്മിച്ചത്. പിന്നീട് ജമാ അത്ത്  പള്ളിയായി മാറി. ദേശീയ പാതയോട് ചേർന്ന് കൂളിയങ്കാലിൽ തല ഉയർത്തി നിന്നിരുന്ന പള്ളിയാണ് മുഹ്്യുദ്ദീൻ ജുമാ മസ്ജിദ്. പള്ളിയോട് ചേർന്നുള്ള രണ്ട് മദ്രസ്സാ കെട്ടിടങ്ങളും പൊളിച്ച് നീക്കി. 147 വീട്ടുകാരുടെ ജുമാ അത്ത് പള്ളിയാണ് കൂളിയങ്കാലിലേത്.

ദേശീയപാതയ്ക്കായി സർക്കാർ ഏറ്റെടുത്ത പള്ളിയുടെ ആറ് സെന്റ് സ്ഥലത്താണ് ഖബർ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഖബറുകൾ ഒന്നടങ്കം മറ്റൊരിടത്തേക്ക് മാറ്റാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. റോഡ് വികസനത്തിനായി പള്ളി, മദ്രസ്സ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനും ഖബർസ്ഥാൻ മാറ്റി സ്ഥാപിക്കാനും ഒറ്റ മനസ്സോടെ നാട്ടുകാർ തയ്യാറാവുകയായിരുന്നു.

ഒരു മാസം മുമ്പ് സ്ഥലം വിട്ടു കൊടുത്തതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി. സെന്റിന് ആറ് ലക്ഷം രൂപയാണ് പള്ളി സ്ഥലത്തിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക. സർക്കാറിന് വിട്ടു നൽകിയ സ്ഥലം കഴിച്ച് പള്ളിയുടെ അവശേഷിക്കുന്ന നാല് സെന്റ് സ്ഥലത്ത് പുതിയ മസ്ജിദ് നിർമ്മിക്കാനായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ദേശീയപാതയിൽ നിന്നും മൂന്ന് മീറ്റർ അകലം പാലിച്ച് കെട്ടിടം നിർമ്മിക്കാമെന്ന ചട്ടത്തിൽ ഭേദഗതി വരുത്തി ദൂരം ഏഴ് മീറ്ററാക്കി വർദ്ധിപ്പിച്ചതോടെ കൂളിയങ്കാലിലെ 4 സെന്റ് സ്ഥലത്ത് പുതിയ പള്ളി നിർമ്മാണം സാധ്യമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

LatestDaily

Read Previous

ട്രെയിനിലെ കയ്യാങ്കളിക്ക് കാരണം എംപിയും കോൺഗ്രസ്സ് നേതാക്കളും തമ്മിലുള്ള അസ്വാരസ്യം

Read Next

ഡയറക് ടർമാരിൽ ചിലർ സ്വർണ്ണം കടത്തിയത് ഖമറുദ്ദീന്റെ അറിവോടെ: പൂക്കോയ