‘ഗോത്രവർഗ്ഗത്തിൽപ്പെട്ട വ്യക്തിക്ക് കൊടുത്ത ഔദാര്യമല്ല നഞ്ചിയമ്മയുടെ പുരസ്കാരം’

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നഞ്ചിയമ്മയ്ക്ക് ലഭിച്ചതിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവരുകയാണ്. ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഗോത്രവർഗ്ഗത്തിൽപ്പട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാർഡ് ആണ് ഇത് എന്ന രീതിയിലുമുള്ള പ്രതികരണങ്ങളോട് തനിക്ക് വിയോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

നഞ്ചിയമ്മയുടെ പുരസ്കാരം സംഗീതത്തിന് വേണ്ടി ജീവിച്ചവരെ അപമാനിക്കുന്നതാണെന്ന സംഗീതജ്ഞൻ ലിനു ലാലിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഹരീഷ് ശിവരാമകൃഷ്ണൻ. സംഗീതത്തിന് എന്ത് ചാതുർവർണ്യം? എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന വേർതിരിവ് സംഗീതത്തിൽ ഇല്ല. വളരെ ലളിതമായ പലതും പാടാൻ ബുദ്ധിമുട്ട് ഉണ്ട് താനും. കർണാടക സംഗീത അഭ്യാസം എന്നത് നല്ല ട്രെയിനിങ് വേണ്ടത് തന്നെ ആണ്, നല്ല ഗായകൻ ആവാൻ അത് ഏറെ സഹായിക്കുകയും ചെയ്യും. പക്ഷെ ശാസ്ത്രീയമായ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത മേഖലകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണെന്ന് അദ്ദേഹം പറഞ്ഞു.

നഞ്ചിയമ്മയുടെ ഗാനം അവരുടെ സംഗീത വിഭാഗത്തിലെ ഏറ്റവും മികച്ചതാണ്. ഒരുപക്ഷേ മറ്റാർക്കും ആ ഗാനം അതേ തന്മയത്വത്തോടെ പാടാൻ കഴിയില്ല. അതുകൊണ്ടാണ് അവർക്ക് അവർ അർഹിക്കുന്ന അംഗീകാരം ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല, ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചത്. ഹരീഷ് കുറിച്ചു. ഒരു വ്യത്യസ്ത അഭിപ്രായത്തിന്റെ പേരിൽ ലിനു ലാലിനെതിരെ സോഷ്യൽമീഡിയയിൽ ഉയരുന്ന മോബ് ലിഞ്ചിങ്ങിനോട് ശക്തമായ എതിർപ്പും അദ്ദേഹം രേഖപ്പെടുത്തി.

K editor

Read Previous

പ്രീസീസണിലെ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സ

Read Next

‘ദി ബാറ്റ്മാൻ’ ആമസോൺ പ്രൈമിൽ; 27 മുതൽ സ്ട്രീമിങ്