ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ഹർഷാരവത്തോടെ സ്വീകരിച്ച് സദസ്

മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ. ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നീട് ഏവരും എഴുന്നേറ്റ് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. 

നിറഞ്ഞ പുഞ്ചിരിയോടെയാണ് നഞ്ചിയമ്മ പ്രസിഡന്‍റ് ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയത്. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിയും നേടി. 

നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനവുമായി സംഗീതജ്ഞൻ ലിനുലാൽ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ പാട്ട് ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പാട്ടെന്ന് ലിനു ചോദിച്ചിരുന്നു.
ഒരു മാസത്തെ സമയം നൽകിയാലും നഞ്ചിയമ്മയ്ക്ക് ഒരു സാധാരണ ഗാനം പോലും പാടാൻ കഴിയില്ലെന്നും ഈ അംഗീകാരം സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് അപമാനമാകില്ലേയെന്നും ലിനു ലാൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ നഞ്ചിയമ്മയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി രംഗത്തെത്തിയത്. 

Read Previous

പ്രകടന പത്രികയിൽ ഇന്ത്യയുടെ അപൂർണ ഭൂപടം; വിവാദമായപ്പോൾ തിരുത്തി ശശി തരൂർ

Read Next

കോഴിക്കോട് ഡോക്ടറെ മർദ്ദിച്ചതായി പരാതി