പണം തട്ടാൻ നഗ്നചിത്രങ്ങൾ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ

കാസർകോട്: കാസർകോട്ടെ സ്വകാര്യ യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിനെ വിദ്യാനഗർ പോലീസ് കയ്യോടെ പിടികൂടി. ഇന്നലെ സന്ധ്യയ്ക്ക് 7.30 മണിക്ക് ആലമ്പാടിയിൽ പണം കൈപ്പറ്റാനെത്തിയ പ്രതിയെ തന്ത്ര പരമായാണ് പോലീസ് കുടുക്കിയത്.

കാസർകോട്ടെ പബ്ലിക് കേരള യൂട്യൂബ് വാർത്താ ചാനലിന്റെ നടത്തിപ്പുകാരൻ അണങ്കൂർ കൊല്ലമ്പാടി ഹബീബ് മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ അബ്ദുൾ ഖാദർ എന്ന ഖാദർ കരിപ്പോടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കുഡ്്ലുവിലെ നൗഫലിനെയാണ് 31, വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഖാദർ കരിപ്പോടിയുടെ നഗ്ന ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും അവ പ്രചരിപ്പിക്കാതിരിക്കാൻ 10 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു നൗഫലിന്റെ ആവശ്യം.

തന്റെ കൈവശമുള്ള ഖാദർ കരിപ്പോടിയുട നഗ്നചിത്രം നൗഫൽ, ഖാദറിന്റെ സഹോദരനെ കാണിച്ചിരുന്നു. 10 ലക്ഷം രൂപയിൽ 5 ലക്ഷം രൂപ ഉടൻ കൊടുത്തില്ലെങ്കിൽ ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു നൗഫലിന്റെ ഭീഷണി.  ഇതേത്തുടർന്ന് ചെങ്കള ഇന്ദിരാനഗറിൽ താമസിക്കുന്ന ഖാദർ വിദ്യാനഗർ പോലീസിൽ പരാതി കൊടുക്കുകയായരുന്നു. ഇന്നലെ പണം കൈമാറാനെന്ന വ്യാജേന ഖാദർ ആലമ്പാടിയിലെത്തുകയും ഒളിച്ചിരുന്ന പോലീസ് സംഘം നൗഫലിനെ കയ്യോടെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്നലെത്തന്നെ കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി ജയിലിലയച്ചു.

കോഴിക്കോട് സ്വദേശിയായ യുവതിയാണ് നൗഫലിന് ഖാദർ കരിപ്പോടിയുടെ നഗ്ന ചിത്രം അയച്ചു കൊടുത്തതെന്ന് സംശയിക്കുന്നു. ഈ ചിത്രമാണ് നൗഫൽ ബ്ലാക്ക്മെയിലിങ്ങിന് ഉപയോഗിച്ചത്. ഖാദറിന്റെ നഗ്നചിത്രമടങ്ങിയ പ്രതിയുടെ മൊബൈൽഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത പോലീസ് പരിശോധിക്കും. ഇതിനായി ഫോൺ സൈബർ സെല്ലിന് കൈമാറി. ഖാദർ കരിപ്പോടിക്കെതിരെ നടന്നത് ഹണിട്രാപ്പിംഗ് മാതൃകയിലുള്ള ഭീഷണിയാണ്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.  ഖാദറിന്റെ സന്തത സഹചാരിയായിരുന്ന നൗഫൽ അടുത്ത കാലത്താണ് ഇദ്ദേഹവുമായി അകന്നത്. നൗഫലിന് ഖാദറിന്റെ നഗ്നചിത്രം ലഭിച്ചതെങ്ങനെയെന്നും കണ്ടെത്തേണ്ടതുണ്ട്.

LatestDaily

Read Previous

വാർഡിൽ നിർമ്മാണ ജോലി വൈകിപ്പിച്ചു മുൻ കൗൺസിലറും എഞ്ചിനീയറും ഉടക്കി

Read Next

മുഹമ്മദ് സവാദിന് കരൾ കിട്ടിയില്ല