നായർ ഗ്രാമത്തലവിക്ക് പിന്നിൽ അഴിമതി ലക്ഷ്യം

ലോക് സഭ തെരഞ്ഞെടുപ്പിൽ  മടിക്കൈയിൽ ഒരു വാർഡിൽ മാത്രം  136 പാർട്ടി വോട്ടുകൾ താമരയ്ക്ക് വീണു

മടിക്കൈ ഗ്രാമ പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നായർ വനിതയെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനുള്ള അക്കരക്കാരുടെ നീക്കത്തിന് പിന്നിൽ ലക്ഷ്യമിടുന്നത് അഴിമതി.

തൽസമയം, കമ്മ്യൂണിസ്റ്റ് കോട്ടയിൽ കഴിഞ്ഞ 20 വർഷത്തിന് ശേഷം, പതഞ്ഞുപൊങ്ങിയ ജാതി രാഷ്ട്രീയത്തിന് ക്രിയാത്മകമായി തടയിടാനുള്ള ചെറിയൊരു ആലോചന പോലും സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നത്  പരിതാപകരമാണ്.

4 വർഷം മുമ്പ് മൃഗീയ ഭൂരിപക്ഷത്തിൽ ഇടതുസർക്കാർ അധികാരത്തിലെത്തുകയും, പിണറായി വിജയൻ സംസ്ഥാന മുഖ്യമന്ത്രി പദത്തിലെത്തുകയും,  ചെയ്തയുടൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച നിരവധി നയങ്ങളിൽ ശ്രദ്ധേയമായ ഒരു നിലപാട് “നമുക്ക് ജാതിയില്ലെന്നുള്ളതാണ്.”

അവിടുന്ന് ഇന്നേവരെ ഇടതുമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് പിറകോട്ട് പോകാതെ സർക്കാർ അഴിമതിരഹിത ഭരണം കാഴ്ചവെച്ച കേരളത്തിന്റെ അതിർത്തി ദേശത്തുള്ള മടിക്കൈ പ്രദേശത്ത് കമ്മ്യൂണിസം എന്ന ആശയത്തിന് പകരമാണ് ജാതി രാഷ്ട്രീയം പടർന്നു പിടിച്ചത്.

അതല്ലെന്ന്, ആരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ, കറകളഞ്ഞതും, സാമാന്യ വിദ്യാഭ്യാസമുള്ളതുമായ കമ്മ്യൂണിസ്റ്റ് വിരുദ്ധയല്ലാത്ത ഒരു വനിതയെ ഗ്രാമത്തലവിയുടെ കസേരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിന് പകരം ആ സ്ത്രീ, ഉന്നത കുലജാതീയരെന്നവകാശപ്പെടുന്ന മണിയാണി, വാണിയ, നായർ വിഭാഗത്തിന്റെ  ജാതിക്കാരിയായിരിക്കണമെന്ന നിർബ്ബദ്ധബുദ്ധി എന്തിനാണെന്ന് ഗ്രാമത്തിലെ തീയ്യ വിഭാഗം ആരായുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല.

“താമര വിരിയുന്ന മടിക്കൈ” എന്ന ശീർഷകത്തിൽ ലേറ്റസ്റ്റ് കഴിഞ്ഞ വർഷം ഒരു രാഷ്ട്രീയ പരമ്പര പ്രസിദ്ധം ചെയ്തിരുന്നു.

മടിക്കൈ നാട്ടിലെ സാധാരണ ജനങ്ങൾ ഉറ്റുനോക്കുകയും രഹസ്യമായി  ലേറ്റസ്റ്റിനെ  അഭിനന്ദിക്കുകയും ചെയ്ത ആ പരമ്പരയ്ക്കെതിരെ പ്രസ്താവനയിറക്കാൻ സിപിഎം ജില്ലാ നേതൃത്വം മുന്നോട്ട് വരികയും ചെയ്തിരുന്നു.

പാർട്ടി വോട്ടു ബാങ്കുകളിൽ മടിക്കൈയിൽ വിള്ളലുണ്ടാകുകയും, താമര പതുക്കെ മടിക്കൈയിൽ മൊട്ടു വിരയുകയും  കയറി വരികയും ചെയ്യുന്നുണ്ടെന്ന ഉദാഹരണ സഹിതമുള്ള പരമ്പരയായിരുന്നു താമര വിരിയുന്ന മടിക്കൈ.

ഇനി പറയുന്ന കാര്യം ശ്രദ്ധിച്ചു വായിക്കുക:

ഇക്കഴിഞ്ഞ  ലോക്സഭാ തിരെഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന നേതൃത്വത്തെപ്പോലും നടുക്കിയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് പാർലിമെന്റ് മണ്ഡലത്തിൽ വിജയശ്രീലാളിതനായത്.

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മടിക്കൈ പ്രദേശത്തെ വാർഡ് 15-ൽ 136 വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാറിന്റെ സ്വന്തം താമരയിൽ വീണിട്ടുണ്ടെന്ന അറിവ് ലേറ്റസ്റ്റിന്റെ “താമര വിരിയുന്ന മടിക്കൈ” എന്ന അന്വേഷണ പരമ്പരയെ ഇപ്പോൾ ഒരു പടികൂടി ഉയരത്തിലെത്തിച്ചിരിക്കുകയാണ്.

മടിക്കൈ ഗ്രാമപഞ്ചായത്തിൽ കാലിച്ചാംപൊതി ഉൾപ്പെടുന്ന വാർഡ് 15-ൽ മൊത്തമുള്ള 1300 വോട്ടുകളിൽ നിന്നാണ് 136 വോട്ടുകൾ  2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ   താമരയിൽ വീണത്.

മടിക്കൈ പ്രദേശത്തുള്ള യുവതലമുറ അസ്വസ്ഥരാണ്.

കാരണം ഒരു ഭാഗത്ത് പാർട്ടി മുന്നോട്ടു വെക്കുന്നത് പുരോഗമനാശയം. മറുഭാഗത്ത് ഈ ആശയത്തിന് ഘടകവിരുദ്ധമായി ജാതിരാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കൽ.

ജാതി സംഘടനകളെ ഒരു കാലത്ത് നഖശിഖാന്തം  തട്ടിമാറ്റിയ നവോത്ഥാനം കാലം  മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി കേരള ജനതയെ ഓർമ്മിപ്പിക്കുമ്പോഴാണ്, നവോത്ഥാനകാലത്തിനപ്പുറത്തേക്ക് സഞ്ചരിച്ചുകൊണ്ട് സിപിഎം മടിക്കൈ ഗ്രാമപഞ്ചായത്തിൽ നായർ വനിതയെ ഗ്രാമത്തലവിയാക്കാനുള്ള രാഷ്ട്രീയ പാപ്പരത്വത്തിന് തുടക്കമിട്ടത്.

ഒരു ദളിത് സ്ത്രീയെ എന്തുകൊണ്ട് നവോത്ഥാന മടിക്കൈയിൽ പോയ 50 വർഷക്കാലത്തിനിടയിൽ ഗ്രാമത്തലവി ആയിട്ടില്ലെന്ന ചോദ്യം മാത്രം മതി, മടിക്കൈയിൽ ഉന്നത കുലജാതികൾ ഒരു ചേരിയിൽ അണിനിരന്നുകൊണ്ട് ജാതിരാഷ്ട്രീയം അതിന്റെ പാരമ്യതയിലെത്തിച്ചു കഴിഞ്ഞുവെന്ന് ഉറപ്പിക്കാൻ.

ഇതിന്റെ തിക്തഫലം എന്താണെന്ന്  ഒരാൾ പോലും പരസ്യമായും  പാർട്ടിയിലും  പറയില്ല.

പക്ഷെ, അവരെല്ലാവരുടെയും പ്രതികരണം ബാലറ്റ് പട്ടികയിൽക്കൂടിയാണെന്നതിന്റെ മകുടോദഹരണമാണ് കാലിച്ചാംപൊതി വാർഡിൽ   ഇടതുമുന്നണിയുടെ ലോക്സഭാ സ്ഥാനാർത്ഥി കെ. പി. സതീശ്ചന്ദ്രന്റെ അക്കൗണ്ടിൽ വീഴേണ്ടിയിരുന്ന 136 വോട്ടുകൾ താമരയ്ക്ക്  കൊടുത്തു കൊണ്ടുള്ള  മടിക്കൈയിലെ വോട്ടർ  സഖാവിന്റെ മൗനമായ പക വീട്ടൽ.

കെ. പി. സതീശ്ചന്ദ്രന്റെ പരാജയത്തിനുള്ള നിരവധി കാരണങ്ങളിൽ ഒന്നുമാത്രമായിരിക്കാം ചിലപ്പോൾ ഈ ക്രിയാത്മക രാഷ്ട്രീയ പകവീട്ടൽ. 

LatestDaily

Read Previous

ജില്ലാ പഞ്ചായത്തിൽ പി.സി. സുബൈദ അധ്യക്ഷ സ്ഥാനാർത്ഥി

Read Next

ലാബ് ടെക്നീഷ്യന് കോവിഡ് :ആശുപത്രി യടച്ചു