കാണുന്നവർക്കെല്ലാം അംഗത്വം നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്ന് എംവി ഗോവിന്ദൻ 

പാലക്കാട്: ആവശ്യമായ പരിശോധന നടത്താതെ പാർട്ടി അംഗത്വം നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പൊലീസ് കേസുകളിൽ കുടുങ്ങുന്നത് പതിവായതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. കാണുന്ന എല്ലാവർക്കും അംഗത്വം നൽകുന്നതിന്‍റെ ദൂഷ്യഫലങ്ങളാണ് സി.പി.എം നേരിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സി.പി.എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി ആരംഭിച്ച ഇ.എം.എസ് പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമർശനം. ഇലന്തൂരിലെ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭഗവൽ സിംഗിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. സിംഗിന്റെ പാർട്ടി ബന്ധം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഈ സ്വയം വിമർശനം എന്നതും ശ്രദ്ധേയമാണ്.

ഒരു മാർക്സിസ്റ്റ് ആകാൻ ഒരാൾക്ക് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള സാമാന്യ ബോധവും വൈരുദ്ധ്യാത്മക ഭൗതികവാദ ബോധവും ഉണ്ടായിരിക്കണം. ചരിത്രത്തെക്കുറിച്ചും പാർട്ടി പരിപാടിയെക്കുറിച്ചും സാമാന്യ ബോധം ഉണ്ടാകണം. ഇത്രയും അടിസ്ഥാന ധാരണയോടെ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റായി മാറാൻ തുടങ്ങുന്നതെന്ന് എം.വി ഗോവിന്ദൻ വിശദീകരിച്ചു. സി.പി.എം പ്രത്യയശാസ്ത്രത്തിന്‍റെ ഒരു അംശം പോലും ചിലർ അവരുടെ ജീവിതത്തിൽ ഉൾക്കൊള്ളുന്നില്ല. അവർ ശുദ്ധ അസംബന്ധത്തിലേക്കും തെറ്റായ നിലപാടുകളിലേക്കും വഴുതിവീഴുന്നു. എന്നിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണെന്ന പേരുദോഷം നമ്മൾ കേൾക്കുകയാണെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു.

Read Previous

ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; ചേർത്തലയിൽ സംഘര്‍ഷാവസ്ഥ

Read Next

തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് ട്യൂട്ടോറിയൽ അധ്യാപകന്റെ ക്രൂര മർദ്ദനം