സംസ്ഥാനത്തെ ആദ്യ ഹരിത ജയിലാകാൻ മൂവാറ്റുപുഴ സബ് ജയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് ജയിലിനെ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലാക്കി മാറ്റാൻ നഗരസഭയുടെ പദ്ധതി. മൂവാറ്റുപുഴ സബ് ജയിലിനെ ഹരിത ജയിലാക്കി മാറ്റുന്ന പദ്ധതി ഡീൻ കുര്യാക്കോസ് എം.പി 14ന് പ്രഖ്യാപിക്കും. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അധ്യക്ഷനാകും. നഗര ഹരിതവൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിലെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണു സബ് ജയിലിൽ ശുചിത്വം ഉറപ്പാക്കാനും ഹരിതാഭമാക്കി മാറ്റാനും നഗരസഭ നടപടി ആരംഭിച്ചത്.

സംരക്ഷിത മേഖലയെന്ന നിലയിൽ മുനിസിപ്പൽ ശുചീകരണത്തൊഴിലാളികൾക്കും മറ്റും ദിവസേന ജയിൽ വളപ്പിൽ പ്രവേശിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലിന് മാത്രമായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. മൂവാറ്റുപുഴ സബ് ജയിലിൽ നിന്ന് പ്രതിദിനം 40 കിലോയോളം ജൈവമാലിന്യങ്ങളാണ് പുറന്തള്ളുന്നത്. 

60,000 രൂപ ചെലവിൽ ജയിൽ വളപ്പിൽ തന്നെ ഇത് സംസ്കരിക്കാൻ ബയോ കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. ഇതോടൊപ്പം ജയിൽ പരിസരം ഹരിതാഭമാക്കാൻ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ഹരിതകർമ്മ സേന എല്ലാ മാസവും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യും. ജയിൽ അധികൃതരുടെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിക്കും. ജൈവ മാലിന്യങ്ങൾ വഴി ഉത്പാദിപ്പിക്കുന്ന വളം ഈ കൃഷിക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്.

K editor

Read Previous

മരണമടഞ്ഞ സഹായിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ വിക്രം

Read Next

അമിത് ഷായുടെ മഫ്ലറിന് 80,000 രൂപയാണ് വിലയെന്ന് അശോക് ഗെഹ്ലോട്ട്