മുസ്ലീം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം

മഞ്ചേശ്വരത്ത് എ കെ എം അഷ്റഫ്‌ ഉറപ്പിച്ചു ∙ കാസർകോട്ട് മാഹിൻമാരിൽ ചർച്ച പുരോഗമിക്കുന്നു

കാസർകോട്: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ സ്ഥാനാർത്ഥി ചർച്ച സജീവമായി. കാസർകോട്‌ അസംബ്ലി മണ്ഡലത്തിൽ മുസ്ലീം ലീഗ് കാസർകോട് മണ്ഡലം ട്രഷററും ബദിയടുക്ക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ മാഹിൻ കേളോട്ടിനും മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മാഹിൻ കല്ലട്രയിലും ചുറ്റി ചർച്ചകൾ പുരോഗമിക്കുന്നു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എന്നിവരെയാണ് നേരത്തെ സജീവമായി പരിഗണിച്ചിരുന്നത്. ഇരുവരെയും അനാരോഗ്യം കാരണം മാറ്റി നിർത്താനാണ് സാധ്യത.

മഞ്ചേശ്വരത്ത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ എം അഷ്റഫിന് തന്നെയാണ് സാധ്യത. മറ്റൊരു പേരും മണ്ഡലത്തിൽ നിന്നും ഉയർന്നുവന്നിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് എം സി ഖമറുദ്ദീൻ മാധ്യമങ്ങളോട് പറയുന്നുണ്ടെങ്കിലും ലീഗ് നേതൃത്വം ഇക്കാര്യം ചർച്ചയ്ക്ക് പോലും എടുത്തില്ല. ഭാഷ ന്യൂന പക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന എ കെ. എം. അഷ്റഫിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുെമന്ന് പാർട്ടി കണക്കാക്കുന്നു, ഇത്തവണ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്നുള്ള ആവശ്യവും പൊതുവികാരമായി മാറിയിരിക്കുകയാണ്, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ലിസ്റ്റിലും എ.കെ എം അഷ്റഫിന്റെ പേര് തന്നെയാണുള്ളത്. കഴിഞ്ഞ തവണ അവസാനം വരെ പേര് നില നിന്നിരുന്ന അഷ്റഫ് എം സി ഖമറുദ്ധീന് വേണ്ടി മാറി നിൽക്കുകയായിരുന്നു. ഇത്തവണ അഷ്റഫിന് തന്നെ സീറ്റ് നൽകുമെന്ന് സംസ്ഥാന നേതൃത്വം പുറത്ത് വിട്ടു.

കാസർകോട് മണ്ഡലത്തിൽ മാഹിൻ കേളോട്ടിനെ സ്ഥാനാർത്ഥിയാക്കിയാൽ .ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ എന്നീ തലങ്ങളിൽ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്ത്‌ പാർട്ടിക്ക്‌ ഗുണം ചെയ്യുമെന്ന് പാർട്ടി വിലയിരുത്തുന്നു, മാത്രമല്ല യു ഡി എഫ് സമര പോരാളി എന്ന നിലയിൽ കഴിഞ്ഞ പത്തുവർഷമായി മികച്ച പ്രവർത്തനമാണ് ഇദ്ദേഹം കാഴ്ചവെയ്ക്കുന്നത്. 2010 ൽ ഇന്ത്യയിലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള അവാർഡ് പ്രധാനമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ മാഹിൻ കേളോട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ട്രഷറർ, മെഡിക്കൽ കോളേജ്‌ ആക്ഷൻ കൗൺസിൽ ചെയർമാൻ തുടങ്ങി എല്ലാ രാഷ്‌ട്രീയ-സാമുദായിക സംഘടനകളെയും ഏകോപിപ്പിച്ച്‌ നിരവധി ജനകീയ സമരങ്ങൾക്ക്‌ നേതൃത്വം നൽകി.

സമസ്ത ജില്ലാ ഘടകത്തിന് കീഴിലുള്ള ബദിയടുക്കയിലെ കണ്ണിയത്ത്‌ ഉസ്താദ്‌ ഇസ്‌ലാമിക്ക്‌ അക്കാഡമിയുടെ സെക്രട്ടറിയായ മാഹിന് സമസ്തയുടെ പിന്തുണയുമുണ്ട്.  ന്യൂനപക്ഷ മേഖലകളിൽ സി.പി.എം സ്വാധീനം വർദ്ധിപ്പിക്കുകയും അത്‌ വഴി ബി.ജെ.പിക്ക്‌ ജയിക്കാൻ സാധ്യതയേറുകയും ചെയ്യുന്ന കാസർകോട്- മഞ്ചേശ്വരം മണ്ഡലത്തിൽ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള മാഹിൻ കേളോട്ടിനെ പോലെ ഒരു നേതാവ്‌ എം.എൽ.ഏയാകുവുന്നത്‌ പാർട്ടിയുടെ വളർച്ചയ്ക്ക്‌ സഹായകമാവുമെന്നും ഗ്രാമപ്രദേശങ്ങളിലും ഇത്‌ പാർട്ടിയെ കൂടുതൽ ശക്തമാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു അതേ സമയം ഉയർന്ന നേതൃത്വപാടവവും കർക്കശ നിലപാടും മാഹിൻ കല്ലട്രക്ക് സാധ്യത വർധിപ്പിക്കുന്നുണ്ട് സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്ന, ഏറെ സ്വീകാര്യനായ മാഹിൻ കല്ലട്രയുടെ സ്ഥാനാർത്ഥിത്വം പൊതുസമൂഹത്തിൽ പാർട്ടിയുടെ യശസ്സ്‌ വർദ്ധിപ്പിക്കുമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. മാത്രമല്ല .സംസ്ഥാന നേതൃത്വവുമായി ഏറ്റവും അടുപ്പമുള്ള നേതാവെന്ന മുൻഗണനയും മാഹിൻ ഹാജിക്ക് തന്നെയാണ് കഴിഞ്ഞ തവണ എം സി ഖമറുദ്ദീനൊപ്പം മഞ്ചേശ്വരത്ത് പരിഗണിച്ച നേതാവ് കൂടിയാണ് കല്ലട്ര മാഹിൻ ഹാജി.

LatestDaily

Read Previous

ജില്ലാ ആസ്ഥാനം ലഹരിമരുന്ന് വിതരണ കേന്ദ്രം ഒരു വർഷത്തിനിടെ പിടികൂടിയത് 192 കിലോ ലഹരിവസ്തുക്കൾ

Read Next

കാഞ്ഞങ്ങാട് നഗര ബജറ്റിൽ വിനോദ സഞ്ചാരത്തിനും കൃഷിക്കും ഊന്നൽ