മുസ്ലീംലീഗ് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

തൃക്കരിപ്പൂർ  : എം. സി. ഖമറൂദ്ദീന്റെ എംഎൽഏ സ്ഥാനം രാജിവെപ്പിക്കാൻ  ലീഗ് സംസ്ഥാന നേതൃത്വം  ശ്രമങ്ങളാരംഭിച്ചു. 

മുന്നോടിയായി  ലീഗ് ജില്ലാ നേതാക്കളായ ടി. ഇ. അബ്ദുള്ള, ഏ. അബ്ദുൾ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ. ഏ. നെല്ലിക്കുന്ന്  എംഎൽഏ എന്നിവരെ  നാളെ പാണക്കാട്ടേയ്ക്ക്  വിളിച്ചിട്ടുണ്ട്. എം. സി. ഖമറൂദ്ദീന്റെ അറസ്റ്റ് നടക്കുന്നതിന്  മുമ്പ് അദ്ദേഹത്തെ രാജിവെവെപ്പിച്ച്  മുഖം രക്ഷിക്കാനാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.

എം. സി. ഖമറൂദ്ദീനെ  മുൻ നിർത്തി തെരഞ്ഞെടുപ്പിനിറങ്ങിയാൽ ജില്ലയിൽ  ലീഗ് പച്ച തൊടില്ലെന്ന് സംസ്ഥാന നേതൃത്വത്തിന്  ബോധ്യമായിട്ടുണ്ട്.  ഇന്നലെ  നടന്ന യുഡിഎഫ് ജില്ലാക്കമ്മിറ്റിയോഗത്തിലും, ഇതെച്ചൊല്ലി ചർച്ച നടന്നിരുന്നു. നിക്ഷേപകരുടെ  പണം ഖമറൂദ്ദീൻ തന്നെ കൊടുത്തു തീർക്കണമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. ഫാഷൻ ഗോൾഡ്  നിക്ഷേപത്തട്ടിപ്പിൽ ചന്തേരയിലും , കാസർകോട്ടുമായി  ഇന്ന്  7   കേസുകൾ കൂടി റജിസ്റ്റർ  ചെയ്തു. ചന്തേരയിൽ 3 കേസുകളും കാസർകോട്ട് 4 കേസുകളുമാണ് റജിസ്റ്റർ  ചെയ്തത്.

നീലേശ്വരം കോട്ടപ്പുറം അസ്മ മൻസിലിലെ  മുഹമ്മദ്  പറമ്പത്തിന്റെ മകൻ യൂസഫ് പറമ്പത്ത് , കൊയോങ്കര പൂച്ചോലിലെ എംടിപി അബ്ദുൾ റഹിമാൻ , കാടങ്കോട്ടെ റൂബീന എന്നിവരുടെ  പരാതികളിൽ 3 കേസുകളാണ് ചന്തേര പോലീസിൽ  എം. സി. ഖമറൂദ്ദീൻ എം. എൽ. ഏയ്ക്കെതിരെ  റജിസ്റ്റർ ചെയ്തത്.

യൂസഫ് പറമ്പത്ത് 2011 മുതൽ 2018 വരെയുള്ള കാലയളവിൽ  12 ലക്ഷം രൂപയാണ് ചെറുവത്തൂർ  ഫാഷൻ ഗോൾഡിൽ  നിക്ഷേപിച്ചത്. എം. ടി. പി അബ്ദുൾ റഹിമാൻ 2014 ൽ 10 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. മാലക്കല്ല് കള്ളാറിലെ സിഎം  അബ്ദുൾ നാസർ , പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫൗസിയ  അബ്ദുള്ള, ബളാൽ കല്ലഞ്ചിറയിലെ  ഫാത്തിമ  ബീവി എന്നിവരുടെ പരാതിയിൽ 4 കേസുകളാണ് കാസർകോട് പോലീസ്  റജിസ്റ്റർ ചെയ്തത്. ഇവരിൽ മാലക്കല്ലിലെ  സിഎം അബ്ദുൾ നാസറിന്റെ  2 പരാതികളിലായാണ് 2 കേസുകൾ.

സി.എം അബ്ദുൾ നാസർ  രണ്ട് തവണയായി ഒരു കിലോ 200 ഗ്രാം സ്വർണ്ണമാണ്  കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. ഒഴിഞ്ഞവളപ്പിലെ  അരുമ ഹൗസിൽ ഫൗസിയ  അബ്ദുള്ള 2017ലാണ് കാസർകോട്ടെ  ഖമർ  ഫാഷൻ ഗോൾഡിൽ 141.840 ഗ്രാം സ്വർണ്ണം നിക്ഷേപിച്ചത്.

ബളാൽ കല്ലഞ്ചിറയിലെ പുഴക്കര ഹൗസിൽ  മുഹമ്മദീ  ഷഫീറിന്റെ ഭാര്യ ഫാത്തിമ ബീവി 2017 ലാണ് കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡിൽ  20 ലക്ഷം രൂപ നിക്ഷേപിച്ചത്. നിക്ഷേപിച്ച തുകയോ , സ്വർണ്ണമോ തിരിച്ച് നൽകാതെ  ഇടപാടുകാരെ  വഞ്ചിച്ചുവെന്ന പരാതിയിലാണ് എം. സി. ഖമറൂദ്ദീൻ എംഎൽഏ , ടി. കെ. പൂക്കോയ തങ്ങൾ എന്നിവരെ  പ്രതികളാക്കി  ചന്തേരയിലും , കാസർകോട്ടും കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Previous

നീലേശ്വരം നഗരസഭ കോൺഗ്രസ് ചർച്ച പുരോഗമിക്കുന്നു

Read Next

പോലീസിനെ വെള്ളംകുടിപ്പിച്ച മുസ് ലീം ലീഗ് പ്രവർത്തകർ അറസ്റ്റിൽ