മുസ്ലീംലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: സ്വകാര്യാശുപത്രിയിൽ ചികിൽസക്കിടെയുണ്ടായ ഗുരുതര വീഴചയെ തുടർന്ന് കോവിഡ് ബാധിച്ച് കുഴഞ്ഞുവീണ മുസ്ലീം ലീഗ് നേതാവ് മരണപ്പെട്ടു.

പാറപ്പള്ളി കണ്ണോത്തെ പി. ഏ. അബ്ദുൾ നാസറാണ് 55, ചികിൽസാപിഴവ് മൂലം ഒരു മാസത്തോളം അബോധാവസ്ഥയിൽ കിടന്ന് ഇന്നലെ വൈകീട്ട് 4 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ മരണപ്പെട്ടത്. 2020 ആഗസ്ത് 22-നാണ് കടുത്ത പനിയെ തുടർന്ന് അബ്ദുൾ നാസറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആഗസ്ത് 26-ന് നാല് ദിവസത്തെ ചികിൽസയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച നാസറിനെ ഡെങ്കിപ്പനി പരിശോധനയ്ക്ക് വിധേയമാക്കി. ഡങ്കിപ്പനി സ്ഥിരീകരിച്ചെങ്കിലും, കോവിഡ് പരിശോധന നടത്താതെ നാല് നാൾക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

ആഗസ്ത് 26-ന് സ്വകാര്യാശുപത്രിയിൽ നിന്നും പാറപ്പള്ളി കണ്ണോത്തെ വീട്ടിലെത്തിയ നാസർ തളർന്നു വീഴുകയും, ബന്ധുക്കൾ ഉടൻ കാഞ്ഞങ്ങാട്ടെ മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോവുകയും, നാസറിനെ ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ ആദ്യം കണ്ണൂർ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസിലേക്കും മാറ്റുകയായിരുന്നു. നാസറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യാശുപത്രിയെലെത്തിച്ച ബന്ധുവിനും, അയൽവാസിക്കും കോവിഡ് ബാധിച്ചു.  പിന്നീട് ഫലം നെഗറ്റീവായി.

കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് ആശുപത്രിയിൽ ശബ്ദശേഷി നഷ്ടപ്പെട്ട് ശരീരം ചലിപ്പിക്കാനാവാതെ വെന്റിലേറ്ററിൽ കഴിഞ്ഞ നാസറിനെ ഇന്നലെ മിംസിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയ ഉടൻ മരണം സംഭവിക്കുകയായിരുന്നു.

പതിനഞ്ച് ദിവസം മുമ്പ് നാസറിന് കോവിഡ് നെഗറ്റീവായെങ്കിലും, രോഗം വൃക്കയെയടക്കം ബാധിച്ചിരുന്നു. കാഞ്ഞങ്ങട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് പരിശോധന നടത്തി കോവിഡ് കണ്ടെത്തിയിരുന്നുവെങ്കിൽ, നാസറിന്റെ ജീവൻ തിരിച്ചു കിട്ടുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

നാസറിന് ഒരു മാസം ചികിൽസ നടത്തിയതിന് 14 ലക്ഷത്തോളം രൂപയുടെ ആശുപത്രി ബില്ലാണ് ലഭിച്ചത്.

അമ്പലത്തറ മേഖലാ മുസ്ലീം ലീഗ്  ട്രഷററായിരുന്ന അബ്ദുൾ നാസർ നേരത്തെ കൊവ്വൽപ്പള്ളിയിലായിരുന്നു താമസം. പാറപ്പള്ളി ജമാഅത്ത് വൈസ് പ്രസിഡണ്ട്, പാറപ്പള്ളി ഇസ്ലാമിക് കൾച്ചറൽ സെന്റർ ട്രഷറർ, പ്രവാസി ലീഗ് മേഖല  പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് സംഘടനയുടെ കാസർകോട് ജില്ലാ പ്രസിഡണ്ടാണ്. ദീർഘകാലം പ്രവാസിയായിരുന്നു. മയ്യത്ത് പാറപ്പള്ളി ജുമാസ്ജിജിദ് കബർ സ്ഥാനിൽ മറവ് ചെയ്തു. പരേതനായ അബ്ദുൾ റഹ്മാൻ-സഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: ജുമൈരിയ. മക്കൾ:  നാസിബ നസ്്റി, നിലോഫർ സുൽത്താന. മരുമകൻ: അഷറഫ്. സഹോദരങ്ങൾ: കൊവ്വൽപ്പള്ളി സ്വദേശികളായ മുനീർ,  ഷൗക്കത്തലി, പാറപ്പള്ളിയിലെ സാറബി.

LatestDaily

Read Previous

ഓൺലൈൻ ക്ലാസുകൾ സ്കൂളിന് ബദലല്

Read Next

വൃക്കരോഗ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച തെയ്യം കലാകാരൻ മരിച്ചു