വോട്ട് മറിച്ച ലീഗ് കൗൺസിലർമാരോട് രാജിക്കത്ത് വാങ്ങിയത് രാഷ്ട്രീയ നാടകം

കാഞ്ഞങ്ങാട്: ഇന്നലെ നടന്ന നരഗസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ചെയർപേഴ്സൺ കെ.വി. സുജാതയ്ക്ക് വോട്ട് മറിച്ച ലീഗ് വനിതാ കൗൺസിലർമാരോടും, അസാധുവാക്കിയ കൗൺസിലറോടും രാജിക്കത്ത് എഴുതി വാങ്ങിയ ലീഗ് നേതൃത്വത്തിന്റെ നടപടി കേവലം രാഷ്ട്രീയ നാടകം. വോട്ട് മറിച്ച കൗൺസിലർമാരോടും, അസാധുവാക്കിയ കൗൺസിലർമാരോടും അതാത് വാർഡുകളിലുള്ള വോട്ടർമാരും നഗരസഭയിൽ പൊതുവെയും ലീഗ് പ്രവർത്തകർക്കും അണികൾക്കുമുള്ള പ്രതിഷേധം മറികടക്കാനാണ് രാജിക്കത്തെഴുതി വാങ്ങൽ നാടകം നടത്തി ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വൻ പ്രചാരണം നേടിയത്.

നഗരസഭ സിക്രട്ടറിക്ക് നൽകാനുള്ള രാജിക്കത്തല്ല മൂന്ന് പേരോടും എഴുതി വാങ്ങിയതെന്നതും ശ്രദ്ധേയമാണ്. 24 വോട്ടിന്റെ പിൻബലമുള്ള ഇടതു ജനാധിപത്യ മുന്നണി ചെയർപേഴ്സൺ കെ.വി. സുജാതയ്ക്ക് ലഭിച്ചത് 26 വോട്ടാണ്. ഒന്നാം വാർഡായ ബല്ലാക്കടപ്പുറത്ത് നിന്നുള്ള കൗൺസിലർ അസ്മ മാങ്കൂലും, 27-ാം വാർഡായ പടന്നക്കാട്ട് നിന്ന് വിജയിച്ച ഹസീന അബ്ദുറസാക്കുമാണ് സുജാതയ്ക്ക് വോട്ട് ചെയ്തത്. 40-ാം വാർഡായ ഹൊസ്ദുർഗ് കടപ്പുറത്ത് നിന്നുള്ള സി.എച്ച്. സുബൈദ വോട്ട് അസാധുവാക്കുകയായിരുന്നു. ഇവർ മൂന്ന് പേരും മുസ്്ലീം ലീഗ് കൗൺസിലർമാരാണ്.

സി.എച്ച്. സുബൈദ മുമ്പും നഗരസഭ കൗൺസിലറായിരുന്നിട്ടുണ്ട്. ഹസീന റസാക്ക് മുമ്പ് നീലേശ്വരം ഗ്രാമപഞ്ചായത്തിൽ അംഗമായിരുന്നു. ഈ നിലയിൽ രണ്ട് പേരും ഭരണ പരിചയമുള്ളവരും കാര്യങ്ങൾ നന്നായി അറിയുന്നവരുമാണ്.  ഇവർക്ക് പിഴവ് പറ്റിയതെങ്ങനെയെന്ന വോട്ടർമാരുടെ ചോദ്യം ഏറെ പ്രസക്തമാണ്. തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും മുമ്പേ വരണാധികാരി വോട്ട് ചെയ്യുന്നതിന്റെ നടപടി ക്രമങ്ങൾ വിശദമായി പറഞ്ഞ് കൊടുത്തിരുന്നു.

ഇതൊന്നും ശ്രദ്ധിക്കാതെയാണ് രണ്ട് പേരും വോട്ട് മാറ്റി ചെയ്തെന്നത് അവിശ്വസനീയമാണ്. ഇപ്രകാരം സുബൈദ വോട്ട് അസാധുവാക്കിയതും അറിവില്ലായ്മകൊണ്ടല്ല. ടി. കെ. സുമയ്യയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയാക്കുന്നതിൽ ചില കൗൺസിലർമാർക്കുണ്ടായിരുന്ന അസംതൃപ്തിയും, ലീഗ് നേതൃത്വത്തോടുള്ള പ്രതിഷേധവുമാണ് വോട്ട് മറിച്ചതിലും അസാധുവാക്കിയതിനും പിന്നിൽ. വോട്ട് മറിച്ചവരോടുള്ള പ്രതിഷേധം ശക്തമായപ്പോൾ, രാജിക്കത്തെഴുതി വാങ്ങിച്ച്് പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കമാണ് ലീഗ് നേതൃത്വം നടത്തിയത്.

രാജിക്കത്ത് യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ല എന്നത് പകൽപോലെ വ്യക്തം. തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ യുഡിഎഫിനെ നാണം കെടുത്തുന്ന രീതിയിലുള്ള സമീപനമായിരുന്നു വോട്ട് മറിച്ച കൗൺസിലർമാരുടേത്. വോട്ടെടുപ്പിൽ മറിമായം നടത്തിയ മൂന്ന് കൗൺസിലർമാർക്കെതിരെയും ശക്തമായ നടപടിയെടുക്കുന്നതിന് പകരം രാജിക്കത്തെഴുതി വാങ്ങി നാടകം കളിക്കുന്ന നേതൃത്വത്തിനെതിരെ ലീഗ് പ്രവർത്തകർക്കുള്ള കടുത്ത അമർഷം പുകയുകയാണ്.

LatestDaily

Read Previous

കെ. ശ്രീകാന്ത് പൈ അന്തരിച്ചു

Read Next

ബിജെപി‑സിപിഎം വോട്ടിടപാട് പകൽ പോലെ വ്യക്തം