സീറ്റുറപ്പിക്കാൻ മുസ്ലീംലീഗ് വനിതാ കൗൺസിലർ പാണക്കാട്ട് ചെന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു മുസ്ലീം ലീഗ് വനിതാ കൗൺസിലർ പാർട്ടി അധ്യക്ഷനെ നേരിൽ കാണാൻ പാണക്കാട്ട് ചെന്നു.

നഗരസഭയിൽ ഇത്തവണ നാലാം തവണയും മൽസരിക്കാൻ അവസരം ചോദിക്കാനാണ് തീരദേശത്തുള്ള ലീഗ് വനിതാ കൗൺസിലർ പാർട്ടി അറിയാതെ  പാണക്കാട്ടെത്തിയത്.

മൂന്ന് തവണ ജനപ്രതിനിധകളായവർ നാലാം തവണ പാടില്ലെന്ന് പാർട്ടി അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് പുറത്തു വിട്ട സാഹചര്യത്തിലാണ് നാലാം തവണയും നഗരസഭയിൽ മൽസരിക്കാൻ ഈ വനിതാ കൗൺസിലർ കച്ച മുറുക്കിയിട്ടുള്ളത്. കൗൺസിലറുടെ നീക്കം മുൻസിപ്പൽ മുസ്ലീം ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടി നിർദ്ദേശത്തിന്റെ ബലത്തിൽ നാലാം തവണയും നഗരസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആർക്കും അവസരം നൽകില്ലെന്ന് മുൻസിപ്പൽ മുസ്ലീം ലീഗ് വക്താക്കൾ വെളിപ്പെടുത്തി.

നാലാം തവണയും മൽസരിക്കാൻ ഈ വനിതാ കൗൺസിലർ കഴിഞ്ഞ ഒരു വർഷക്കാലമായി പാർട്ടിയിലും പുറത്തും ജീവൻമരണപ്പോരാട്ടം നടത്തി വരികയാണ്.

വിജയിച്ചാൽ നഗരസഭ ചെയർപേഴ്സൺ പദവിയിലെത്തുമെന്ന് ഈ വനിത ഇപ്പോഴും പരസ്യമായി അവകാശപ്പെടുന്നുണ്ട്. അബൂദാബിയിലുള്ള കാഞ്ഞങ്ങാട് സ്വദേശി അസ്്ലമിന്റെ നോമിനിയായിട്ടാണ് ഈ വനിത നാലാം തവണയും മൽസരിക്കാൻ നഗരസഭയിലെ കുശാൽനഗർ വാർഡ് ഉറപ്പിച്ചിട്ടുള്ളത്. എസ്ടിയു പ്രാദേശിക നേതാവ് കരീം കുശാൽ നഗർ കഴിഞ്ഞ തവണ നറുക്കെടുപ്പിൽ പരാജയപ്പെട്ട കുശാൽ നഗർ വാർഡ് 39-ൽ  ഇത്തവണ ഒരു പുതുമുഖ സ്ഥാനാർത്ഥിയെ മൽസരിപ്പിക്കുമെന്ന് മുൻസിപ്പൽ ലീഗ് വൃത്തങ്ങൾ വെളിപ്പെടുത്തി. പാർട്ടി നിർദ്ദേശം ലംഘിച്ച് ഒരാൾക്ക് നാലാം തവണയും സീറ്റ് നൽകിയാൽ മുൻസിപ്പൽ ഭാരവാഹികളടക്കം പാർട്ടിയിൽ നിന്ന് പുറത്താകുമെന്ന  സൂചനയും ലീഗ് വൃത്തങ്ങൾ  സൂചിപ്പിച്ചു.

പാണക്കാട്ട് ചെന്നുവെങ്കിലും കൗൺസിലർക്ക് പാർട്ടി നേതാക്കളാരെയും കാണാന് കഴിഞ്ഞില്ല. അന്തരിച്ച പാർട്ടി നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിനരികിൽ നിന്നുകൊണ്ട്  പടമെടുത്താണ് ലീഗ്  വനിതാ കൗൺസിലറും ഒപ്പം ചെന്ന മുസ്ലീം ചെറുപ്പക്കാരും കാഞ്ഞങ്ങാട്ടേക്ക് മടങ്ങിയത്.

LatestDaily

Read Previous

ഭാര്യ ആത്മഹത്യ ചെയ്ത കേസ്സിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

Read Next

അജാനൂരിൽ അടുക്കയിളയിൽ ഒളിപ്പിച്ച അഞ്ച് കിലോ ചന്ദനത്തടി പിടികൂടി