ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: ബോംബെ സഹോദരിമാർ എന്നറിയപ്പെടുന്ന കർണാടക സംഗീതജ്ഞരിൽ ഒരാളായ സി.ലളിത (85) അന്തരിച്ചു. ചൊവ്വാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. ലളിതയും സഹോദരി സി സരോജയും രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികളും ശങ്കരാചാര്യ സ്‌തോത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1963 മുതലാണ് കച്ചേരികൾ നടത്താൻ തുടങ്ങിയത്. അഞ്ച് പതിറ്റാണ്ടായി ഒരുമിച്ച് മാത്രമാണ് ഇരുവരും പാടിയിട്ടുള്ളത്. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലാണ് ആൽബങ്ങൾ പുറത്തിറക്കിയത്. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ട് വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ പ്രധാന ആൽബങ്ങൾ.
കലാജീവിതത്തിന്‍റെ ഭൂരിഭാഗവും ചെന്നൈയിലാണ് ചെലവഴിച്ചതെങ്കിലും ബോംബെ സഹോദരിമാർ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. ബോംബെ സഹോദരിമാർ എന്ന് ഒരു സ്വാമി അനുഗ്രഹിച്ച ശേഷമാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. ഒറ്റയ്ക്ക് പാടേണ്ടി വരുമെന്നതിനാലാണ് സിനിമയിൽ അവസരങ്ങൾ വേണ്ടെന്ന് വച്ചതെന്ന് അവർ പറഞ്ഞിട്ടുണ്ട്. ചിദംബര അയ്യരുടെയും മുക്താംബാളിന്‍റെയും മക്കളായി തൃശൂരിലാണ് ലളിതയും സരോജയും ജനിച്ചത്.
സംഗീത കലാനിധി, സംഗീത ചൂഡാമണി, കലൈമാമണി, സംഗീത കലാശിഖാമണി, എം.എസ്. സുബ്ബലക്ഷ്മി അവാർഡ് പോലുള്ള ബഹുമതികൾ ലഭിച്ച ബോംബെ സഹോദരിമാരെ 2020 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.