കഞ്ചാവ് മാഫിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു: 6 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: കഞ്ചാവ് മാഫിയാ സംഘം കൈ തല്ലിയൊടിച്ച യുവാവിനെ മാവുങ്കാൽ  സഞ്ജീവനി ആശുപത്രിയിൽ  ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ടിബി റോഡിൽ ജ്യൂസ് കട നടത്തുന്ന ബാവാനഗർ പാലായി ഹൗസിലെ കെ. മുഹമ്മദ് അസ്്ലമാണ് 40, ആഗസ്ത് 5-ന് മുറിയനാവി പൊടിക്കളം അമ്പലത്തിന് സമീപം ആക്രമണത്തിനിരയായത്.

ബാവനഗർ പാലത്തിന് സമീപം കഞ്ചാവ് മാഫിയാ സംഘത്തിന്റെ വിളയാട്ടം അസഹ്യമായതോടെ മുഹമ്മദ് അസ്്ലം  ഹോസ്ദുർഗ്ഗ് പോലീസിലെത്തി വിവരം ധരിപ്പിച്ചിരുന്നു. അന്നേദിവസം രാത്രി തന്നെ മാഫിയാ സംഘം ഇദ്ദേഹത്തെയും ഭാര്യയേയും വീട്ടിൽക്കയറി ആക്രമിച്ചു. പോലീസിൽ വിവരമറിയിച്ചതാണ് ആക്രമണത്തിന് കാരണം.

ഈ സംഭവത്തിൽ പ്രതികൾക്കെതിരെ  നിസ്സാര വകുപ്പുകൾ  ചേർത്ത് കേസെടുത്തതിനെത്തുടർന്ന് മുഹമ്മദ് അസ്്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പരാതിക്കാരനായ മുഹമ്മദ് അസ്്ലമിനെതിരെ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിനെത്തുടർന്ന് ഇദ്ദേഹം  ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുത്തു.

എസ്പിക്ക് കൊടുത്ത പരാതിയുടെ തുടർ നടപടിയെക്കുറിച്ച് അന്വേഷിക്കാനെത്തി തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് ഇദ്ദേഹത്തെ ആഗസ്റ്റ് 5-ന്  മുറിയനാവി പൊടിക്കളത്തിന് സമീപം ആറംഗ സംഘം ആക്രമിച്ചത്. സംഭവം നേരിൽക്കണ്ട വീട്ടമ്മമാർ നിലവിളിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്നാണ് അക്രമിസംഘം അസ്്ലമിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

അനസ്, റബി, സുഹൈൽ, അഫ്സൽ, കണ്ടാലറിയാവുന്ന 2 പേർ എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ  ക്രൂരമായി മർദ്ദിച്ചത്. സംഘം മുഹമ്മദ് അസ്്ലമിന്റെ ഇടതു കൈ തല്ലിയൊടിച്ചിരുന്നു. ഈ കൈയ്യിലാണ് ശസ്ത്രക്രിയ നടന്നത്. സംഭവത്തിൽ ആറംഗ സംഘത്തിനെതിരെ നരഹത്യാശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഹോസ്ദുർഗ്ഗ്  പോലീസ് കേസെടുത്തത്.

തന്നെ ആക്രമിച്ചവർ കഞ്ചാവ് മാഫിയ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണെന്ന് യുവാവ് പറഞ്ഞു.

Read Previous

കോവിഡ്: ആനച്ചാൽ സ്വദേശി മരിച്ചു

Read Next

മുൻ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയ 7 പോലീസുദ്യോഗസ്ഥർ വരുമാനമുള്ള സ്റ്റേഷനുകളിൽ നുഴഞ്ഞുകയറാൻ നീക്കം