സിപിഎം നഗരസഭാധ്യക്ഷയ്ക്ക് വോട്ട് മറിച്ച പാർട്ടി വനിതാ കൗൺസിൽ അംഗങ്ങൾ രാജി വെക്കണം: ലീഗ്

മൂന്ന് ലീഗ് വനിതാ അംഗങ്ങളിൾ നിന്നും കൗൺസിലർ സ്ഥാനം രാജി വെച്ചുകൊണ്ടുള്ള കത്ത് എഴുതി വാങ്ങിച്ചു
 
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ചെയർപേഴ്സൺ കെ. വി. സുജാതയ്ക്ക് വോട്ട് മറിച്ച പാർട്ടിയുടെ രണ്ട് വനിതാ അംഗങ്ങളിൽ നിന്നും വോട്ട് അസാധുവാക്കിയ മറ്റൊരു അംഗത്തിൽ നിന്നും കൗൺസിലർ സ്ഥാനം രാജി വെച്ചുകൊണ്ടുള്ള കത്ത് മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി എഴുതി വാങ്ങി. മൂന്ന് അംഗങ്ങളെയും കൗൺസിലർ സ്ഥാനത്ത് നിന്നും നീക്കിയേ തീരുവെന്ന് പാർട്ടിയുടെ മുൻസിപ്പൽ കമ്മിറ്റിയെടുത്ത നിലപാട് നടപ്പാക്കുമെന്ന് പ്രസിഡന്റ് എം. പി. ജാഫർ പറഞ്ഞു.

നഗരസഭാ വൈസ് ചെയർപേഴ്സണായിരുന്ന ഐഎൻഎല്ലിലെ, എൽ. സുലൈഖയെ കടുത്ത പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ പടന്നക്കാട് വാർഡിലെ കൗൺസിലറും മുസ്്ലീം ലീഗിലെ മുതിർന്ന നേതാവ് റസാഖ് തായിലക്കണ്ടിയുടെ ഭാര്യയുമായ ഹസീന റസാഖ്, ഒന്നാം വാർഡിൽ മുസ്്ലീം ലീഗ് കൗൺസിലർ അസ്മാ മാങ്കൂൽ എന്നിവരാണ് പാർട്ടി ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി നിശ്ചയിച്ച ആറങ്ങാടിയിലെ ടി. കെ. സുമയ്യയ്ക്ക് വോട്ട് ചെയ്യുന്നതിന് പകരം ഇടതു സ്ഥാനാർത്ഥി കെ. വി. സുജാതയ്ക്ക് വോട്ട് മറിച്ചത്.

പാർട്ടി റിബൽ സ്ഥാനാർത്ഥിയെയും എൽഡിഎഫ് സ്ഥാനാർത്ഥിയേയും ഒരുപോലെ നേരിട്ട് വിജയിപ്പിച്ചെടുത്ത മുസ്്ലീം ലീഗിലെ സി. എച്ച്. സുബൈദയുടെ വോട്ട് അസാധുവായതിലും, ലീഗ് നേതൃത്വം സംശയത്തിലാണ്. മൂന്ന് വനിതാ കൗൺസിലർമാരും ബോധപൂർവ്വം പാർട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് മണ്ഡലം നേതൃത്വം വിലയിരുത്തി. ഇന്നലെ രാവിലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരികയും, സുജാതയ്ക്ക് രണ്ട് ലീഗ് വോട്ട് അധികം ലഭിക്കുകയും ചെയ്തതോടെ സിപിഎം സൈബർ സഖാക്കൾ വിഷയം ആഘോഷമാക്കി.

കല്ലൂരാവി മുണ്ടത്തോടിൽ കൊല ചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്റെ മരണത്തിൽ വിങ്ങിപ്പൊട്ടിയ മാതൃ ഹൃദയങ്ങൾ സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തുവെന്നായിരുന്നു പ്രചാരണം. ലീഗ് കൗൺസിലർമാർ സിപിഎമ്മിന് വോട്ട് മറിച്ചത് മുസ്്ലീം ലീഗിന് വലിയ നാണക്കേടാണുണ്ടാക്കിയത്. ഔഫ് കൊലപാതകത്തിൽ പ്രതിക്കൂട്ടിലായ മുസ്്ലീം ലീഗ് നേതൃത്വത്തിന് മറ്റൊരു തിരിച്ചടിയായി മാറുകയും ചെയ്തു ഈ വോട്ടുമറിക്കൽ.

ഇന്നലെ വൈകീട്ട് അടിയന്തിര മുൻസിപ്പൽ കമ്മിറ്റി ചേർന്നാണ് ലീഗ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പാർട്ടിയെ പ്രതിസന്ധിയിലും നാണക്കേടിലുമാക്കിയ മൂന്ന് കൗൺസിലർമാരെയും വിളിച്ചുവരുത്തി നിർബ്ബന്ധിത രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. വോട്ടെടുപ്പിൽ അബദ്ധം പിണഞ്ഞതാണെന്ന് കൗൺസിലർമാർ പാർട്ടിയെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഇവരുടെ മറുപടി നേതൃത്വം മുഖവിലക്കെടുത്തില്ല.

ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ട രീതി സംബന്ധിച്ച് യുഡിഎഫ് കൗൺസിലർമാർക്ക് നേതാക്കൾ മണിക്കൂറുകൾ ചെലവഴിച്ച് പരിശീലനം നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നഗരസഭാ ഹാളിൽ ഉദ്യോഗസ്ഥർ അര മണിക്കൂർ നേരം വോട്ട് ചെയ്യുന്ന രീതി പരിചയപ്പെടുത്തി നൽകിയിരുന്നു. അബദ്ധം പിണഞ്ഞതാണെന്ന് പാർട്ടി അംഗങ്ങളുടെ വിശദീകരണം വിശ്വസിക്കാൻ തക്ക മണ്ടന്മാരല്ല കാഞ്ഞങ്ങാട്ടെ ലീഗ് നേതൃത്വമെന്ന നിലപാടാണ് നേതാക്കൾക്കുള്ളത്.

കൗൺസിലർമാരുടെ രാജിക്കത്തും, ഇവരെ പുറത്താക്കാനുള്ള മുൻസിപ്പൽ കമ്മിറ്റിയുടെ ശിപാർശയും ലീഗ് ജില്ലാ കമ്മിറ്റിക്ക് കൈമാറി. ജില്ലാ കമ്മിറ്റി കൗൺസിലർമാരുടെ രാജിക്ക് അനുമതി നൽകിയാൽ സി. എച്ച്. സുബൈദയും, ഹസീന റസാഖ്, അസ്മ മാങ്കൂലും പ്രതിനിധാനം ചെയ്യുന്ന മൂന്ന് വാർഡുകളിലും വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ലീഗ് ഇത്തരമൊരു തീരുമാനത്തിന് നിൽക്കുമോയെന്ന് കണ്ടു തന്നെ അറിയണം

LatestDaily

Read Previous

തൃക്കരിപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാടകീയ സംഭവങ്ങൾ: വി. കെ. ബാവയെ തടഞ്ഞുവെച്ചു ഉടുമ്പുന്തലയിൽ ലീഗ് കൊടിമരത്തിൽ കരിങ്കൊടി

Read Next

ഈസ്റ്റ് എളേരി സിപിഎം പിന്തുണയിൽ ജയിംസ് പന്തമാക്കൽ പ്രസിഡന്റ് ; ആർ. എം. പി. വിപ്പിൽ നാടകീയത