മുല്ലപ്പെരിയാർ; മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് തമിഴ്നാട്

ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് മേൽനോട്ട സമിതി യോഗത്തിൽ തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. 15 മരങ്ങൾ മുറിക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം. മരം മുറിക്കാൻ വനംവകുപ്പിന്‍റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിലെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. തുടർന്ന് അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നപ്പോൾ കേരളം മേൽനോട്ട സമിതിക്ക് കത്തയച്ചിരുന്നു. ഈ കത്ത് ചർച്ച ചെയ്യാനാണ് മേൽനോട്ട സമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്. നിലവിൽ മഴയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മേൽനോട്ട സമിതി യോഗം വിലയിരുത്തി.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ കേരളത്തിന്‍റെ സഹകരണം ആവശ്യമാണെന്ന് തമിഴ്നാട് സമിതിയെ അറിയിച്ചു. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിനും ഡാമിന്‍റെ അറ്റകുറ്റപ്പണികൾക്കുമായി കേരളത്തിന്‍റെ സഹകരണം ആവശ്യപ്പെട്ടു. ബേബി ഡാം ബലപ്പെടുത്തണമെങ്കിൽ മരങ്ങൾ മുറിക്കാൻ അനുമതി ആവശ്യമാണ്. ഇത് അടിയന്തരമായി നൽകണമെന്നും യോഗത്തിൽ തമിഴ്നാട് ആവശ്യപ്പെട്ടു.

K editor

Read Previous

മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറിൽ

Read Next

ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞ പെട്ടി; ആമസോൺ നഷ്ടപരിഹാരം നൽകണം