എം.പി വീരേന്ദ്രകുമാർ എം.പി: കാഞ്ഞങ്ങാടുമായി ആത്മബന്ധം

രാഷ്ട്രീയ നേതാവ്, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പരിസ്ഥിതി സംരക്ഷകൻ മാധ്യമ മേധാവി, തുടങ്ങി വ്യത്യസ്ഥ മേഖലകളിൽ മലയാളികൾക്ക് പ്രിയങ്കരനായിരുന്ന എം.പി വീരേന്ദ്രകുമാറിന് കാഞ്ഞങ്ങാടുമായി ആത്മബന്ധമാണുണ്ടായിരുന്നത്. കാഞ്ഞങ്ങാട്ടെ പ്രമുഖ സോഷ്യലിസ്റ്റായിരുന്ന അന്തരിച്ച സി.എം.പി നായർ, ഗാന്ധിയൻ കമ്മ്യൂണിസ്റ്റായിരുന്ന അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി കെ. മാധവൻ, എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന അന്തരിച്ച പി. കോരൻ മാസ്റ്റർ, കാഞ്ഞങ്ങാട്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യസ്ഥാനമുണ്ടായിരുന്നു. ബി.കർത്തമ്പു മേസ്ത്രി, ഉദുമയിലെ അന്തരിച്ച കെ. ബാലകൃഷ്ണൻ എൽ.ജെ.ഡിയുടെ ഇപ്പോഴത്തെ കാസർകോട് ജില്ലാ പ്രസിഡണ്ട് ഏ.വി രാമകൃഷ്ണൻ, എച്ച്. എം.എസ് നേതാവ് കൂടിയായ കെ. കുഞ്ഞമ്പാടി എന്നിവരുമായി അടുത്തബന്ധം പുലർത്തിയ നേതാവായിരുന്നു വീരേന്ദ്രകുമാർ. കാസർകോട് ജില്ലാ രൂപീകരണത്തിന് വേണ്ടി ജനതാദൾ സംഘടിപ്പിച്ച കാൽനട ജാഥയിൽ തൃക്കരിപ്പൂരിലെ ഒളവറ മുതൽ കാസർകോട് വരെ എം.പി വീരേന്ദ്രകുമാറിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നത് അക്കാലത്ത് ശ്രദ്ധേയമായിരുന്നു. അവികസിത പിന്നോക്ക പ്രദേശമായിരുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി കാസർകോട് ജില്ലാ രൂപീകരിക്കണം എന്ന ആവശ്യം ഭരണാധികാരികൾക്ക് മുമ്പിൽ എത്തിക്കുന്നതിൽ വീരേന്ദ്രകുമാർ നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ രൂപീകരണത്തിൽ വളരെ പ്രധാനമായിരുന്നു. അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും, പ്രശസ്ത അഭിഭാഷകനും മുൻമന്ത്രിയുമായിരുന്ന കെ. ചന്ദ്രശേഖരന്റെ പേരിൽ കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കെ. ചന്ദ്രശേഖരൻ സ്മാരക ട്രസ്റ്റിന്റെ രൂപീകരണം മുതൽ ട്രസ്റ്റ് പ്രവർത്തകർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ ഒരു രക്ഷാധികാരിയെപ്പോലെ പ്രവർത്തിച്ച വീരേന്ദ്രകുമാർ തന്നെയായിരുന്നു കെ. ചന്ദ്രശേഖരന്റെ പേരിൽ ഇതേവരെ നൽകിയ ഒമ്പത് പുരസ്ക്കാരങ്ങളിൽ ആറും സമർപ്പിച്ചത്. മുൻമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന അന്തരിച്ച ഇ. ചന്ദ്രശേഖരൻ നായർ, സ്വാതന്ത്ര്യ സമരസേനാനി കെ. മാധവൻ, മുൻ സ്പീക്കറും കോൺഗ്രസ് നേതാവുമായ വി.എം സുധീരൻ, പ്രമുഖ സോഷ്യലിസ്റ്റ് പി. വിശ്വംഭരൻ, മുൻ മന്ത്രിമാരായ ഡോ. എം.കെ മുനീർ, കെ.വി തോമസ്, സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.ഏ ബേബി എന്നിവർക്ക് ചന്ദ്രശേഖരൻ പുരസ്ക്കാരങ്ങൾ സമർപ്പിച്ചത് വീരേന്ദ്രകുമാർ തന്നെയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വകവെക്കാതെയായിരുന്നു കെ. ചന്ദ്രശേഖരൻ പുരസ്ക്കാര സമർപ്പണച്ചടങ്ങുകളിൽ  വീരേന്ദ്രകുമാർ സംബന്ധിച്ചത്. അതേസമയം ചന്ദ്രശേഖരൻ പുരസ്ക്കാരം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകൻ കൂടിയായിരുന്ന എം.പി വീരേന്ദ്രകുമാറിന് സമർപ്പിക്കാനുള്ള അവസരമുണ്ടായത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായിരുന്നു. ഇരുവരുടെയും സൗകര്യം പരിഗണിച്ച് കോഴിക്കോട് കെ.പി കേശവ മേനോൻ സ്മാരക ഹാളിൽ നടത്തിയ പുരസ്ക്കാരച്ചടങ്ങിൽ  ഇരുവരും നടത്തിയ പ്രസംഗങ്ങൾ ഒരു കൂടിച്ചേരലിന്റെയും വിടവാങ്ങലിന്റെയും അപൂർവ്വമായ ഒരു മുഹൂർത്തമായി മാറി. പി.ടി.ഐയുടെ ചെയർമാനായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വീരേന്ദ്രകുമാറിന് അന്നത്തെ കാഞ്ഞങ്ങാട് പ്രസ്ഫോറം മുൻകൈയ്യെടുത്ത് നൽകിയ സ്വീകരണം ജനബാഹുല്യം കൊണ്ടും പ്രമുഖനേതാക്കളുടെ സാന്നിദ്ധ്യം മൂലവും ഒരു ചരിത്ര സംഭവമായിരുന്നു. ആനന്ദാശ്രമം അധിപനായിരുന്ന അന്തരിച്ച സ്വാമി സച്ചിദാനന്ദയായിരുന്നു അന്ന് കാഞ്ഞങ്ങാടിന്റെ ഉപഹാരം വീരേന്ദ്രകുമാറിന് നൽകിയത്. ചിത്രകാരൻ ടി. രാഘവൻ മാസ്റ്റർ രൂപകൽപ്പന ചെയ്ത ബേക്കൽകോട്ടയുടെ മുദ്രയുള്ള പ്രസ്തുത ഉപഹാരം ഒരു നിധിപ്പോലെയാണ് ഞാൻ സൂക്ഷിക്കുന്നതെന്ന് പല സന്ദർഭങ്ങളിലും വീരേന്ദ്രകുമാർ എടുത്ത് പറയാറുണ്ടായിരുന്നു. കാഞ്ഞങ്ങാട് വഴി എവിടെ പോകുന്നുവെങ്കിലും ആനന്ദാശ്രമം സന്ദർശിക്കുക വീരേന്ദ്രകുമാറിന്റെ ഒരു പതിവായിരുന്നു. സച്ചിദാനന്ദ സ്വാമിജി സമാധിയായ ശേഷം മുക്താനന്ദ സ്വാമിജി ആനന്ദാശ്രമത്തിന്റെ ചുമതലയേറ്റപ്പോഴും ആ ബന്ധം മരണം വരെ നിലനിർത്താൻ ശ്രദ്ധിച്ച വീരേന്ദ്രകുമാർ കാഞ്ഞങ്ങാട്ടുകാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അപൂർവ്വ വ്യക്തിത്വമായി എന്നതിൽ കാഞ്ഞങ്ങാട്ടുകാരിൽ രണ്ട് പക്ഷമുണ്ടാവില്ല.

LatestDaily

Read Previous

യുവതിയെ അനാശാസ്യത്തിന് ക്ഷണിച്ച സിഐക്ക് സസ്പെൻഷൻ

Read Next

ഓമന