എംപിയുടെ ലോങ്ങ്മാർച്ച് പരസ്യബോർഡിന്റെ പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി

കാഞ്ഞങ്ങാട്: പൗരത്വഭേദഗതി നിയമത്തിനെതിരെ 2020 ജനുവരി 21, 22 തീയ്യതികളിൽ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ ലോങ്ങ്മാർച്ചിന്റെ പരസ്യപ്രചരണാർത്ഥം തയ്യാറാക്കിയ ബോർഡുകളുടെ തുക ലഭിക്കാൻ കെപിസിസി പ്രസിഡണ്ടിനും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടിനും പരാതി.

കാഞ്ഞങ്ങാട്ടെ ഐമാക്സ് ഫ്ലക്സ് സെന്റർ ഉടമ പി. കെ. സതീഷാണ് പരസ്യബോർഡുകളുടെ പ്രതിഫലമാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനും, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിനും പരാതി നൽകിയത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി നോയൽ ടോമിൻ ജോസഫിനെതിരെയാണ് പരാതി.

നോയൽ ടോമിൻ ജോസഫാണ് എംപിയുടെ ലോങ്ങ്മാർച്ചിന്റെ പ്രചാരണബോർഡുകൾ തയ്യാറാക്കാൻ പി. കെ.സതീഷിനെ ഏൽപ്പിച്ചത്. മുൻകൂറായി 20,000 രൂപയും നൽകി. മൊത്തം തുകയായ 1, 10,000 രൂപയിൽ നിന്നും അഡ്വാൻസ് തുക കഴിച്ച് 90,000 രൂപയാണ് പി. കെ. സതീഷിന് ലഭിക്കാനുള്ളത്. പ്രചാരണ ബോർഡുകൾ ചെയ്ത വകയിൽ ബാക്കിയുള്ള 90,000 രൂപ ലഭിക്കാത്ത വിവരം സതീഷ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ അറിയിച്ചിരുന്നു.

മുഴുവൻ തുകയും നോയലിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ഇനി തന്നെ വിളിക്കേണ്ടെന്നുമാണ് എംപി സതീഷിനെ അറിയിച്ചത്. ഇതേതുടർന്ന് നോയൽ ടോംജോസിനെ ബന്ധപ്പെട്ടപ്പോൾ അവധി പറഞ്ഞ് ഒഴിഞ്ഞെന്നാണ് പി. കെ. സതീഷ് കെപിസിസി പ്രസിഡണ്ടിനും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടിനുമയച്ച കത്തിൽ പരാതിപ്പെട്ടത്.

പ്രചാരണ ബോർഡ് തയ്യാറാക്കിയതിന്റെ പ്രതിഫലം ലഭിച്ചില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കത്തിലുണ്ട്.

LatestDaily

Read Previous

പഞ്ചായത്ത് പ്രസിഡന്റിന്റെ കോവിഡ് ഫലം നെഗറ്റീവ്

Read Next

പുത്തൻ ചിത്രവുമായി കാവ്യ ഏറ്റെടുത്ത് ആരാധകർ