എംപിയുടെ പരാതിയിൽ ജാമ്യമില്ലാകേസ്സ് കോൺഗ്രസ്സിൽ പൊട്ടിത്തെറി

കാഞ്ഞങ്ങാട്: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി, പോലീസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സ് നൽകിയതിനെചൊല്ലി കോൺഗ്രസ്സിൽ പൊട്ടിത്തെറി. എംപിയുടെ നിലപാടിനെതിരെ നേതാക്കളടക്കം കോൺഗ്രസ്സ് പ്രവർത്തകർ പരസ്യ പ്രതികരണവുമായി രംഗത്തു വന്നു. നേരത്തെ ട്രെയിനിൽ എംപിയെ അസഭ്യം പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞ കോൺഗ്രസ്സ് പ്രവർത്തകർ തന്നെയിപ്പോൾ പുതിയ കേസ്സ് പശ്ചാത്തലത്തിൽ എംപിക്കെതിരെ കലാപക്കൊടിയുയർത്തിയിരിക്കുകയാണ്.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ദൽഹിക്ക് പോവുകയായിരുന്ന തന്നെ കോൺഗ്രസ്സ് നേതാക്കൾ മാവേലി എക്സ്പ്രസ്സിൽ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന എംപിയുടെ പോലീസ് പരാതി കോൺഗ്രസ്സിൽ കടുത്ത പ്രതിഷേധമുയർത്തിയിട്ടുണ്ട്. എംപിയെ ട്രെയിനിൽ അസഭ്യം പറഞ്ഞ സംഭവത്തിൽ, പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിന്റെ പേരിൽ കാസർകോട് റെയിൽവെ പോലീസ് കേസ്സെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

പത്മരാജനെയും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ്  സിക്രട്ടറി അനിൽ വാഴുന്നോറൊടിയെയും കെപിസിസി ഇടപെട്ട് കോൺഗ്രസ്സിൽ നിന്നും സസ്പെന്റ് ചെയ്തിട്ടും, അനിൽ വാഴുന്നോറൊടിയെപ്പോലുള്ള കോൺഗ്രസ്സ് നേതാവിനെ എംപി ജാമ്യമില്ലാ കേസ്സിലകപ്പെടുത്തിയതാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ  പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. കൊലപ്പെടുത്താൻ മൂന്ന് കോൺഗ്രസ്സ് നേതാക്കൾ വാഴുന്നോറൊടിയിൽ ഗൂഢാലോചന നടത്തിയെന്ന് ഉണ്ണിത്താൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പത്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറൊടി, കാഞ്ഞങ്ങാട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ബവിൻ രാജ് എന്നിവരുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് ജാമ്യമില്ലാ വകുപ്പിൽ കേസ്സെടുക്കുകയായിരുന്നു.

എംപിയെ ട്രെയിനിൽ അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികളായ നേതാക്കൾക്കെതിരെ ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തർ ഒന്നടങ്കം പ്രതികരിച്ച് ഇരുവരുടെയും  പ്രവൃത്തി ശരിയായില്ലെന്ന് പറഞ്ഞതാണ് പിന്നീട് എംപി വീണ്ടും വധഗൂഢാലോചനയിൽപ്പെടുത്തി  കോൺഗ്രസ്സ് പ്രവർത്തകരെ  ജയിലിലടക്കാനുള്ള നീക്കമാണ് അമർഷമുയർത്തിയത്. വരും ദിവസങ്ങളിൽ എംപിക്കെതിരെ പരസ്യ പ്രതികരണവുമായി അണികൾ തെരുവിലിറങ്ങുമെന്ന് സൂചനയുണ്ട്. സ്വന്തം പാർട്ടിയുടെ എംപി പ്രവർത്തകരെ കേസ്സിൽപ്പെടുത്തിയത് ജില്ലയിലെ കോൺഗ്രസ്സിൽ അസ്വാരസ്യം ശക്തമാകും.

LatestDaily

Read Previous

ഭർത്താവിനെ വഴിതെറ്റിക്കുന്നയാളെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ

Read Next

കാണാതായ ബൈക്ക് തേടി ക്രൈം ബ്രാഞ്ച് കാഞ്ഞങ്ങാട്ടെത്തി, സിബിഐക്ക് കൈമാറും