ഗർഭിണികളെയും രോഗികളെയും കാത്ത് അമ്മയും കുഞ്ഞും ആശുപത്രി

കാഞ്ഞങ്ങാട്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഹൊസ്ദുർഗിലെ സർക്കാറിന്റെ അമ്മയും കുഞ്ഞും ആശുപത്രി രോഗികളെയും ഗർഭിണികളെയും വലച്ച് തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് ആരോഗ്യമന്ത്രി ഹൊസ്ദുർഗിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ച് ആശുപത്രി ജനങ്ങൾക്ക് തുറന്നുകൊടുത്തത്.

ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ അന്ന് വൈകിട്ട് തന്നെ പൂട്ടിട്ടു. കെട്ടിട നിർമ്മാണ ജോലി പൂർത്തിയായെങ്കിലും, ആശുപത്രി പ്രവർത്തിപ്പിക്കാനാവശ്യമായ യന്ത്ര ഉപകരണങ്ങളിൽ ഒന്നും തന്നെ ആശുപത്രി യിലെത്തിയില്ല. 100 കിടക്കകൾ വേണ്ട ഇരുനില കെട്ടിടത്തിൽ കിടക്കകളും ഫർണിച്ചറുകളുമെത്തിയില്ല.

നിർമ്മാണം കഴിഞ്ഞ ഒരു കെട്ടിടം മാത്രമാണിപ്പോൾ അമ്മയും കുഞ്ഞും ആശുപത്രി. ഒരു സിറിഞ്ച് പോലുമെത്താത്ത ആശുപത്രിയിൽ ഡോക്ടർമാരുടെയും, നഴ്സ്, മറ്റ് അനുബന്ധ ജീവനക്കാരുടെയും നിയമനമുണ്ടായിട്ടില്ല.  പുതിയ നിയമനം നടത്തി വേണം ഡോക്ടർമാരെയും നഴ്സുമാരെയും ഉൾപ്പെടെ ജീവനക്കാരെ നിയമിക്കേണ്ടതെന്നതിനാൽ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം സജ്ജമാവണമെങ്കിൽ ഇനിയും മാസങ്ങളെടുക്കും. ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞതിനാൽ, നിത്യവും ഹൊസ്ദുർഗിലെ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് നിരവധി രോഗികളും ഗർഭിണികളടക്കമുള്ളവരുമെത്തുന്നുണ്ട്. ദൂരസ്ഥലത്ത് നിന്നുമെത്തുന്ന പലരും അടഞ്ഞ് കിടക്കുന്ന കെട്ടിടം കണ്ട് മടങ്ങുകയാണ്.

സ്ത്രീകൾക്ക് വലിയ വലിയ രീതിയിൽ ഗുണകരമാകുന്ന തരത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം സജ്ജീകരിക്കുന്നത്. ആദ്യമാസം മുതൽക്ക് ഗർഭിണികൾക്ക് ചികിത്സ ലഭ്യമാവും. സ്ത്രീകളുടെ ഏത് തരത്തിലുമുള്ള രോഗങ്ങൾക്കും അമ്മയും കുഞ്ഞുമാശുപത്രിയിൽ ചികിത്സയുണ്ടാവും. ഗർഭം ധരിക്കാത്തതിനാൽ വർഷങ്ങളോളം വൻ തുക ചിലവഴിച്ച് ചികിത്സ തേടുന്ന യുവതികൾക്ക് ഇത് സംബന്ധിച്ചുള്ള സൗജന്യ ചികിത്സയ്ക്കും അമ്മയും കുഞ്ഞും ആശുപത്രിയിൽ സംവിധാനമുണ്ടാവും. 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏത് തരത്തിലുള്ള ചികിത്സസയും ലഭ്യമാക്കത്തക്ക വിധമാണ് ആശുപത്രി സജ്ജീകരിച്ചത്.

LatestDaily

Read Previous

വ്യാജ ഡോക്ടർ ചികിത്സിച്ച ബാങ്ക് ജീവനക്കാരൻ മരിച്ചു

Read Next

കാർ നിർത്തിയിട്ടതിനെച്ചൊല്ലി വാക്കേറ്റവും മർദ്ദനവും; 4 പേർക്കെതിരെ കേസ്സ്