കടുവയുടെ ആക്രമണത്തിൽ നിന്നും കുഞ്ഞിനെ പൊരുതി രക്ഷപ്പെടുത്തി അമ്മ

ഭോപ്പാൽ: കടുവയുടെ ആക്രമണത്തിൽ നിന്ന് ഒരു അമ്മ തന്‍റെ കുഞ്ഞിനെ രക്ഷിച്ചു. മധ്യപ്രദേശിലാണ് കടുവയിൽ നിന്ന് 15 മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ അർച്ചന ചൗധരി രക്ഷപ്പെടുത്തിയത്. കടുവയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ അർച്ചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞും അമ്മയും പരിക്കുകളോടെ രക്ഷപ്പെട്ടു.

മധ്യപ്രദേശിലെ ബന്ധവ്‌ഗർ കടുവാ സങ്കേതത്തിന് സമീപമാണ് സംഭവം. അർച്ചന വയലിൽ ജോലി ചെയ്യുന്നതിനിടെ കടുവ കുറ്റിക്കാട്ടിൽ നിന്ന് ചാടി കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കടുവ കുഞ്ഞിന്‍റെ തല കടിച്ച് വലിക്കാൻ ശ്രമിച്ചു. ഇത് കണ്ട് അർച്ചന കടുവയുമായി മല്ലിടുകയായിരുന്നു. തന്‍റെ ജീവൻ പോലും പണയപ്പെടുത്തി വെറുംകൈയോടെ അർച്ചന കടുവയോട് പൊരുതി. ഇതിനിടയിൽ അവർ സഹായത്തിനായി നിലവിളിച്ചു. നിലവിളി കേട്ട് ആളുകൾ അർച്ചനയെ സഹായിക്കാൻ ഓടിയെത്തി. വടികളും മറ്റ് സാധനങ്ങളുമായി എത്തിയ നാട്ടുകാരാണ് കടുവയെ തുരത്തിയത്.

അമ്മയുടെ ഒരു ശ്വാസകോശത്തിന് പരിക്കേറ്റു. ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അതേസമയം, കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കുണ്ട്. കുഞ്ഞിന്‍റെ പരിക്കുകൾ നിസ്സാരമാണെന്നും അമ്മയുടെ പരിക്കുകൾ ഗുരുതരമാണെന്നും ഡോക്ടർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

K editor

Read Previous

സ്റ്റാര്‍ബക്‌സിന്റെ സിഇഒ ആയി ലക്ഷ്മണ്‍ നരസിംഹന്‍; വാർഷിക ശമ്പളം 100 കോടിയിലധികം

Read Next

കൽക്കരി അഴിമതിക്കേസ്; ബംഗാൾ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയിൽ റെയ്ഡ്