അമ്മയേയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവം; പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃമാതാവ് വീടിന് പുറത്താക്കിയ സംഭവത്തില്‍ സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കൊട്ടിയം പൊലീസ് കേസെടുത്തു. ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിത കുമാരി, ഭർത്താവിന്റെ സഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 മുതൽ അതുല്യയും അഞ്ച് വയസുള്ള മകനും ഭർതൃവീട്ടിന് പുറത്താണ് താമസം. വാതിൽ തുറക്കാൻ അമ്മായിയമ്മയോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അവർ വിസമ്മതിച്ചു. വീട് മകളുടെ പേരിലാണെന്നും വീട്ടിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവുണ്ടെന്നും ഭർതൃമാതാവ് അജിത കുമാരി വാദിച്ചു. അകത്തു കടക്കാൻ കഴിയാതെ വന്നതോടെ യുവതി സിഡബ്ല്യുസിയെയും പോലീസിനെയും വിവരം അറിയിച്ചു. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. നാട്ടുകാർ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. സംഭവം വലിയ വാർത്തയായതോടെയാണ് പൊലീസ് ഇടപെട്ടത്.

അതേസമയം, അതുല്യയുടെ മൂത്ത മരുമകൾ വിമിയും സമാനമായ അനുഭവം ഉണ്ടായെന്ന ആരോപണവുമായി രംഗത്തെത്തി. ഇതേതുടർന്ന് ചാത്തന്നൂർ എ സി പി ഗോപകുമാർ, സിഡബ്ല്യുസി ജില്ലാ ചെയർമാൻ സനിൽ വെള്ളിമണ്ണ്, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ എന്നിവർ ഭർതൃ മാതാവുമായി ചർച്ച നടത്തി. അതുല്യയ്ക്കും കുഞ്ഞിനും വീടിനുള്ളിൽ കഴിയാമെന്ന് അമ്മായിയമ്മ ചര്‍ച്ചക്കൊടുവിൽ സമ്മതിച്ചു.

കുട്ടിയെ പുറത്ത് നിർത്തിയതിന് അമ്മായിയമ്മയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ പീഡനത്തിനിരയായെന്ന രണ്ട് മരുമക്കളുടെയും പരാതിയെ തുടർന്ന് വനിതാ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

K editor

Read Previous

കേരളത്തിന്‍റെ വികസനം സിൽവർലൈനിലൂടെ; സ്കൂൾ വിദ്യാർഥികൾക്കായി കെ-റെയിലിന്റെ സിംപോസിയം

Read Next

വീണ്ടും യാത്രക്കാരെ വലച്ച് വന്ദേ ഭാരത്; ചക്രം തകരാറിലായതോടെ യാത്ര തടസപ്പെട്ടു