മകൻ കൈയ്യേറ്റം ചെയ്തതായി മാതാവ്

കാഞ്ഞങ്ങാട്: മകന്റെ ഉപദ്രവത്തിൽ നിന്നും രക്ഷ തേടി മാതാവ് മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും, വനിതാ കമ്മീഷനും പരാതി നൽകി.  മടിക്കൈ നാരയിലെ ചിന്നമ്മയാണ് 80, മകനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയത്. നാല് മക്കളുടെ മാതാവാ ചിന്നമ്മയുടെ മൂത്ത മകൻ പങ്കജാക്ഷനാണ് അമ്മയെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്.

10 വർഷം മുമ്പാണ് ചിന്നമ്മയുടെ ഭർത്താവ് മരിച്ചത്. ഭർത്താവിന്റെ മരണശേഷം മൂത്തമകൻ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുഴുവൻ രേഖകളും കൈക്കലാക്കിയെന്നാണ് ചിന്നമ്മയുടെ പരാതി. ഇതിന് ശേഷം പങ്കജാക്ഷൻ ചിന്നമ്മയെ വീട്ടിൽ നിന്നും അടിച്ചിറക്കുകയും, വസ്തുവിലെ ആദായങ്ങൾ മുഴുവൻ കൈയ്യടക്കി വെയ്ക്കുകയും ചെയ്തെന്നാണ് ഇവർ ആരോപിക്കുന്നത്.

വീട്ടിൽ നിന്നും അടിച്ചിറക്കിയതിനെത്തുടർന്ന് ചിന്നമ്മ മകളുടെ ഭർത്താവിന്റെ കൂടെയാണ് താമസം. ഇത് സംബന്ധിച്ച് നീലേശ്വരം പോലീസിൽ പരാതി കൊടുത്തിരുന്നെങ്കിലും, പോലീസ് പരാതി ഗൗനിച്ചില്ലെന്നും, ഇവർ ആരോപിക്കുന്നു. ഡിസംബർ 4-ന് മകൻ പങ്കജാക്ഷനും, കൂട്ടാളിയായ അനിലും ചേർന്ന് കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ചിന്നമ്മ ജില്ലാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കയ്യേറ്റത്തിനെക്കുറിച്ച് നീലേശ്വരം പോലീസിൽ വിളിച്ചറിയിച്ചപ്പോൾ, പരിഹാസ രൂപേണയുള്ള മറുപടിയാണ് ലഭിച്ചതെന്ന് ഇവർ പറഞ്ഞു. ഇതേത്തുടർന്നാണ് മകനിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ട് വൃദ്ധ മാതാവ് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. ചിന്നമ്മയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ മകൻ പങ്കജാക്ഷൻ, പറമ്പിൽ അടയ്ക്ക പറിക്കാനെത്തിയ അനിൽ എന്നിവർക്കെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തിട്ടുണ്ട്.

പങ്കജാക്ഷന്റെ ഭാര്യയുടെ പരാതിയിൽ പങ്കജാക്ഷന്റെ സഹോദരൻ വിനോദിനെതിരെയും നീലേശ്വരം പോലീസ് കേസ്സെടുത്തു.  വിനോദ് കയ്യിൽ കയറിപ്പിടിച്ച് അപമാനിച്ചെന്നാണ് ഇവരുടെ പരാതി. സ്വത്ത് വീതം വെയ്ക്കെത്താതിനെച്ചൊല്ലിയുള്ള തർക്കമാണ് ചിന്നമ്മയും പങ്കജാക്ഷനും തമ്മിലുള്ളതെന്ന് പോലീസ് വിശദീകരിച്ചു. 4 മക്കൾക്കും അവകാശപ്പെട്ട സ്ഥലം വീതിക്കാത്തതിനെച്ചൊല്ലി പങ്കജാക്ഷനും മാതാവുമായി തർക്കം നിലവിലുണ്ട്.

LatestDaily

Read Previous

മുസ് ലീം ലീഗിനേക്കാൾ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സ്

Read Next

ഹജജ് 2021: സൗദിയിൽ ഒരുക്കം തുടങ്ങി വാക്സിൻ ലഭ്യമായാൽ കൂടുതൽ പേർക്ക് അനുമതി