ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ലോകത്തിലെ പല രാജ്യങ്ങളിലും മങ്കിപോക്സ് പടരുകയാണ്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. അതേസമയം, സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ വിഭാഗക്കാർക്കിടയിലും മങ്കിപോക്സ് വർദ്ധിക്കുന്നുവെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് രോഗലക്ഷണങ്ങൾ ഉള്ള പലരും ടെസ്റ്റ് ചെയ്യാത്തതും വിവരം റിപ്പോർട്ട് ചെയ്യാത്തതുമൊക്കെ വിദഗ്ധർ പങ്കുവെച്ചിരുന്നു. എന്നാൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസുകളിൽ ഭൂരിഭാഗവും ഹെട്രോസെക്ഷ്വൽ(എതിർലിംഗത്തിലുള്ളവരോട് ലൈംഗിക ആകർഷണം) വിഭാഗത്തിലുള്ളവരിലാണെന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് പഠനം നടത്തിയത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത അഞ്ച് മങ്കിപോക്സ് കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. അഞ്ചിൽ മൂന്ന് കേസുകളും ഹെട്രോസെക്ഷ്വൽ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ബാക്കി രണ്ടുപേർ സെക്ഷ്വൽ കോണ്ടാക്റ്റ് നിഷേധിച്ചവരാണ്. ഈ കേസുകളിലൊന്നും ബൈസെക്ഷ്വൽ, സ്വവർഗാനുരാഗികൾ ഇല്ലെന്ന് പഠനം വ്യക്തമാക്കുന്നു.
റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളിലും നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അവ വേഗത്തിൽ ഭേദമാവുകയും ചെയ്തു. ലൈംഗിക രോഗങ്ങൾ സംബന്ധിച്ച ചരിത്രവും ഈ കേസുകളിലൊന്നിലും കാണപ്പെട്ടില്ല. ഒരാളിൽ മാത്രം ഹെപ്പറ്റൈറ്റിസ് ബി വൈറസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. മുപ്പതു വയസ്സിനുള്ളിൽ പ്രായമുള്ള മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവർ.