നിര്‍മ്മാണ ചെലവിലും കൂടുതല്‍ ടോള്‍ പിരിക്കുന്നു; വിശദപരിശോധന വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കരാർ കാലാവധിക്ക് ശേഷം ടോൾ പിരിച്ചെടുക്കുന്നതും, റോഡ് നിർമ്മാണച്ചെലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുക്കുന്നതും വിശദമായ പരിശോധന ആവശ്യമുള്ള വിഷയമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാനമായ ഈ നിരീക്ഷണം.

മധ്യപ്രദേശിലെ ലെബാദ് മുതൽ നയാഗാവ് വരെയുള്ള സംസ്ഥാന പാതയിൽ ടോൾ പിരിവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ നോട്ടീസ് പുറപ്പെടുവിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കരാർ കാലാവധി കഴിഞ്ഞിട്ടും നിർമ്മാണത്തിനായി ചെലവഴിച്ച തുക പിരിച്ചെടുത്തെന്നാണ് ഹർജിക്കാരുടെ ആരോപണം. നേരത്തെ, ടോൾ പിരിവ് നിർത്തണമെന്ന ഹർജിക്കാരുടെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു.

എന്നാൽ ലാഭമുണ്ടാക്കാൻ സ്വകാര്യ സ്ഥാപനത്തിന് ഇത്തരത്തിൽ ഇളവ് നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്തും അഭിഭാഷകൻ അൽജോ ജോസഫും വാദിച്ചു. ടോളായി പിരിച്ചെടുക്കുന്ന തുക പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് വിശദമായ പരിശോധന ആവശ്യമുള്ള വിഷയമാണിതെന്ന് സുപ്രീം കോടതി വിലയിരുത്തി.

K editor

Read Previous

വനിതാ കൗൺസിലർമാരുടെ നേരെ അതിക്രമം; തിരുവനന്തപുരം ഡെപ്യൂട്ടി മേയർക്കെതിരെ പരാതി

Read Next

പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ വില നൽകണം; കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം