ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇവർ ആരുടെ കണക്കിൽ വരുമെന്ന ആശങ്കയിൽ പ്രവാസി കുടുംബങ്ങൾ
കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി നിർദ്ദേശം തുണയാകുമോ, മറിച്ച് മരണം വിദേശത്താണെന്ന സാങ്കേതിക കാരണത്താൽ വിനയാകുമോ എന്ന ആശങ്കയിൽ ആയിരത്തോളം മലയാളി പ്രവാസി കുടുംബങ്ങൾ. കോവിഡ് മഹാമാരിയിൽ മരിച്ച ഇന്ത്യക്കാരുടെ കണക്കുകൾ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് ഇന്ത്യയിലും ഗൾഫിലും കണക്കിൽപ്പെടാതെ പ്രവാസി കുടുംബങ്ങൾ ആശങ്കപ്പെടുന്നത്.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനുകൂലമായ നടപടിയെടുത്തില്ലെങ്കിൽ പ്രവാസികളായവരുടെ കോവിഡ് മരണങ്ങൾ എവിടെയും പെടാതെ പോകും. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യ സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചത് 2072 ഇന്ത്യക്കാരാണ്. സൗദിയിൽ 906, യുഏഇ യിൽ 375, കുവൈത്തിൽ 369, ഒമാനിൽ 166, ഖത്തറിൽ 34, ബഹറൈനിൽ 48, എന്നിങ്ങനെയാണ് ഗൾഫിലെ കോവിഡ് മരണം.
സുഡാനിലും നൈജീരിയയിലും 23, ഇറ്റലി 15, ഫ്രാൻസിൽ ഏഴ് നേപ്പാളിൽ ഒമ്പത്, ഗുജറാത്തിൽ ഏഴ്, ഇറാഖിൽ ഏഴ് എന്നിങ്ങനെയാണ് പാർലിമെന്റിൽ അവതരിപ്പിപ്പിക്കപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നത്. നാട്ടിലെ കോവിഡ് മരണങ്ങളുടെ സർക്കാർ കണക്കുകളിൽ സംശയമുയരുന്ന സാഹചര്യത്തിൽ യഥാർത്ഥ മരണ സംഖ്യ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.
ഇപ്പോഴത്തെ ഔദ്യോഗിക കണക്കുകളുടെ മൂന്നിരട്ടിയോളം വരും ശരിയായ കണക്കുകളെന്നാണ് വിദഗ്ധാഭിപ്രായം. അനൗദ്യോഗിക കണക്കുകൾ പ്രകാരം ആറായിരത്തോളം ഇന്ത്യക്കാർ വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇവയിൽ ആയിരത്തോളം മലയാളികളായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
2020 ജൂൺ 24-ന് വിദേശത്ത് നിന്ന് മരിച്ച മലയാളികളുടെ ചിത്രങ്ങൾ ഒരു മാധ്യമം പ്രസിദ്ധീകരിച്ചപ്പോൾ ഗൾഫിലെ മലയാളികളുടെ കോവിഡ് മരണം മുന്നൂറ് കവിഞ്ഞിരുന്നു. ഒരു വർഷത്തിനകം കോവിഡ് രൂക്ഷമാവുമ്പോൾ ഗൾഫിലെ കോവിഡ് മരണങ്ങൾ മൂന്നിരട്ടിയോളമായിട്ടുണ്ട്. വിദേശത്ത് നിന്ന് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ഭൗതീക ശരീരങ്ങൾ നാട്ടിലെത്തിക്കാനുള്ള അനുമതി ഇപ്പോഴുമില്ല.
മരണം കോവിഡ് മൂലമാണെന്ന് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമം കൂടുതൽ ലളിതമാക്കണമെന്ന് സുപ്രീം കോടതി സർക്കാറിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് നഷ്ടപരിഹാരപ്പട്ടികിൽ നിന്ന് പുറത്താകുമോയെന്ന ആശങ്ക ആയിരത്തോളം പ്രവാസി മലയാളി കുടുംബങ്ങളിലുള്ളവർക്കുണ്ട്. സാങ്കേതിക കുരുക്കുകൾ വിനയാകാതിരിക്കാൻ കോടതി നിർദ്ദേശം സഹായകരമാവുമെന്ന പ്രതീക്ഷയിൽകഴിയുകയാണ് പ്രവാസി കുടുംബങ്ങൾ.
യുഏഇയിൽ കോവിഡ് ബാധിച്ച് മരിച്ച മുന്നൂറോളം മലയാളികളുടെ ഭൗതീക ശരീരങ്ങൾ താൻ സംസ്ക്കരിച്ചിട്ടുണ്ടെന്ന പ്രമുഖ മലയാളി സാമൂഹ്യ പ്രവർത്തകൻ അഷ്റഫ്് താമരശ്ശേരിയുടെ വെളിപ്പെടുത്തൽ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.