കുരങ്ങ് ശല്യം അതിരൂക്ഷം; തോട്ടത്തിന് കാവൽ ചൈനീസ് പാമ്പുകൾ

ഇടുക്കി: ഏലത്തോട്ടങ്ങളിൽ നാശം വിതയ്ക്കുന്ന കുരങ്ങന്മാരെ തുരത്താൻ തോട്ടത്തിന് കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിൽ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങിനെ തുരത്താൻ പാമ്പുകളുമായി കൈകോർത്തത്.

ഒരുപറ്റം പാമ്പുകളെ വാലിൽ തൂക്കി പിടിച്ചുകൊണ്ട് പോകുന്ന ബിജു പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. പാമ്പുകളുമായി ബിജു നടന്നുവരുന്ന വഴിയരുകിൽ നിൽക്കുന്നവർ പോലും ഭയത്തോടെ അകന്ന് മാറും. എന്നാൽ ഈ പാമ്പുകൾ കടിക്കില്ല. കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമായ ചൈനീസ് റബ്ബർ പാമ്പുകളാണിവ. ബിജു നോക്കിനടത്തുന്ന ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ കൂട്ടത്തോടെ എത്തുന്ന വാനരപ്പട വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവയെ തുരത്താൻ വഴിയന്വേഷിച്ച് നടക്കുമ്പോളാണ് തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് വാനരന്മാർ ഓടുന്നത് ബിജു കണ്ടത്. പിന്നീടാണ് അദ്ദേഹം പരീക്ഷണത്തിനായി ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പിനെ വാങ്ങി കുരങ്ങൻ വരുന്ന വഴിയിൽ കെട്ടിവെച്ചത്. ഇത് വിജയിച്ചതോടെ കൂടുതൽ പാമ്പുകളെ വാങ്ങി തോട്ടത്തിൽ സ്ഥാപിച്ചു. ഇന്ന് ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഒരു വാനരൻപോലും ഈ തോട്ടത്തിൽ കടന്നിട്ടില്ല.

കൊളുത്ത് നൂൽ ഉപയോഗിച്ച് മരങ്ങളിലും ഏല ചെടികളിലും പാമ്പുകളെ സ്ഥാപിക്കും. ചെറിയ കാറ്റിൽ പോലും ഇവ ചലിക്കുന്നതിനാൽ, ആദ്യം കാണുന്ന ഏതൊരാളും ഭയപ്പെടും. തോട്ടത്തിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ റബ്ബർ പാമ്പിനെ മർദ്ദിച്ച് കൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുരങ്ങ് ശല്യത്തിൽ മടുത്ത മറ്റ് തോട്ടം ഉടമകളും ബിജുവിന്‍റെ പാത തിരഞ്ഞെടുത്തിട്ടുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിലും ബിജു താരമായി മാറിയിരിക്കുകയാണ്.

K editor

Read Previous

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളില്‍ പകുതിയിലധികവും വ്യാജം: അശോക് ഗെലോട്ട്

Read Next

മാങ്കുളത്ത് ദേഹത്ത് ചാടിവീണ പുലിയെ വാക്കത്തികൊണ്ട് വെട്ടിക്കൊന്നു